LiveTV

Live

Kerala

പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

പി.കെ ഫിറോസിനെ വിളിച്ച് വരുത്തി കോഴിക്കോട് ഡി.സി.പി മൊഴിയെടുത്തു.

പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ജെയിംസ് മാത്യു അയച്ച കത്തില്‍ കൃത്രിമം കാട്ടി പി.കെ ഫിറോസ് പ്രചരിപ്പിച്ചുവെന്നാണ് പരാതി. പി.കെ ഫിറോസിനെ വിളിച്ച് വരുത്തി കോഴിക്കോട് ഡി.സി.പി മൊഴിയെടുത്തു. അഴിമതി പുറത്തു വരാതിരിക്കാന്‍ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാല്‍ വിലപ്പോകില്ലെന്ന് പി.കെ ഫിറോസ് പറഞ്ഞു.

സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിയമനം നല്‍കിയതിനെതിരെ ജെയിംസ് മാത്യു തദ്ദേശ വകുപ്പ് മന്ത്രിക്ക് നല്‍കിയതെന്ന പേരില്‍ പി.കെ ഫിറോസ് കത്ത് പുറത്തു വിട്ടിരുന്നു. എന്നാല്‍ തന്‍റെ കത്തിലെ ഒരു പേജില്‍ കൃത്രിമം കാട്ടി ഫിറോസ് പ്രചരിപ്പിച്ചെന്നായിരുന്നു ജെയിംസ് മാത്യുവിന്‍റെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഡി.സി.പി എ.കെ ജമാലുദ്ദീന്‍ ഫിറോസിനെ വിളിച്ച് വരുത്തി മൊഴിയെടുത്തത്. കത്തിന്‍റെ ഉറവിടം വെളിപ്പെടുത്താനാവില്ലെന്ന് ഫിറോസ് പൊലീസിനെ അറിയിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും പൊലീസിനെ ഉപയോഗിച്ച് പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിനാവില്ലെന്നായിരുന്നു ഫിറോസിന്‍റെ പ്രതികരണം.

വ്യാജരേഖ ചമക്കല്‍, വ്യാജരേഖ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഫിറോസിന്‍‌റെ മേല്‍ ചുമത്തിയിരിക്കുന്നത്. കത്തില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമായിരുന്നു ജെയിംസ് മാത്യു നേരത്തെ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.