LiveTV

Live

Kerala

സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പന്നിയങ്കര മേല്‍പ്പാലത്തെ നേട്ടമായി ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു

മേല്‍പ്പാല നിര്‍മാണം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാത്രം പദ്ധതിയില്ലെന്നാണ് യു.ഡി.എഫ് വാദം.

സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പന്നിയങ്കര മേല്‍പ്പാലത്തെ നേട്ടമായി ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു

സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ലൈറ്റ് മെട്രോയുടെ ഭാഗമായ പന്നിയങ്കര മേല്‍പ്പാലത്തെ നേട്ടമായി ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. മേല്‍പ്പാല നിര്‍മാണം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാത്രം പദ്ധതിയില്ലെന്നാണ് യു.ഡി.എഫ് വാദം. ഒപ്പം ലൈറ്റ് മെട്രോ പദ്ധതി തന്നെ പ്രതിസന്ധിയാലാണെന്നത് മറച്ച് വെച്ചാണ് പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

രണ്ട് കാര്യങ്ങളാണ് പന്നിയങ്കര മേല്‍പ്പാലം പ്രോഗസ് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചതുമായി ഉയരുന്നത്. ലൈറ്റ് മെട്രോ എവിടെ എന്നതാണ് ഉയരുന്ന ആദ്യ ചോദ്യം. ലൈറ്റ് മെട്രോ പദ്ദതിക്കായെത്തിയ ഡെല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഓഫീസ് പൂട്ടിപ്പോയി. നേരത്തെ സമര്‍പ്പിച്ച ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയപ്രകാരം മാറ്റേണ്ടി വന്നു. തുടര്‍ന്ന് 2700 കോടി രൂപയുടെ ഡി.പി.ആര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. ഇത് പരിശോധിക്കാന്‍ നിയോഗിച്ച സെക്രട്ടറി തല കമ്മറ്റി കഴിഞ്ഞ വര്‍ഷം അവസാനം സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറി. പക്ഷേ തുടര്‍ നടപടി ഉണ്ടായിട്ടില്ല. മറ്റൊന്ന് പാലത്തിന്റെ ക്രഡിറ്റെങ്ങനെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രോഗ്രസാകുമെന്നതാണ്.