LiveTV

Live

Kerala

അന്തര്‍സംസ്ഥാന ബസ് സമരം ശക്തമാക്കാനൊരുങ്ങി ബസുടമകള്‍

ഇതിനായി ഓട്ടോ ടാക്സി ട്രേഡ് യൂണിയനുകളുടെ പിന്തുണയും ബസുടമകളുടെ സംഘടന തേടിയിട്ടുണ്ട്.

 അന്തര്‍സംസ്ഥാന ബസ് സമരം ശക്തമാക്കാനൊരുങ്ങി ബസുടമകള്‍

ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം ശക്തമാക്കാന്‍ ബസുടമകളുടെ തീരുമാനം. ഇതിനായി ഓട്ടോ ടാക്സി ട്രേഡ് യൂണിയനുകളുടെ പിന്തുണയും ബസുടമകളുടെ സംഘടന തേടിയിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസ് ഇന്ന് മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കും.

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകളിലെ പരിശോധന തുടരുമെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ സമരം ശക്തമാക്കുകയാണ് ബസുടമകള്‍. രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ ജി ഫോം നല്‍കി നികുതി അടക്കുന്നത് അവസാനിപ്പിക്കും. ഇതിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ കൂടി സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം മോട്ടോര്‍ വാഹന രംഗത്തെ മറ്റു ട്രേഡ് യൂണിയനുകളുടെ പിന്തുണക്കും ശ്രമമാരംഭിച്ചു.

സമരം തുടരുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പര്യാപ്തമാകുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.അതേ സമയം കൊച്ചിയില്‍ കല്ലട ബസിലെ യാത്രക്കാര്‍ അക്രമിക്കപ്പെട്ട കേസ് മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും പോലീസും മോട്ടോര്‍വാഹന വകുപ്പും നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.