LiveTV

Live

Kerala

പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്

ജയരാജനെ നിലപാടുകളെ ന്യായീകരിച്ച് പ്രത്യക്ഷപ്പെട്ട പി.ജെ ആര്‍മി എന്ന ഫെയ്‌സ് ബുക്ക് പേജുമായി ബന്ധപ്പെട്ടും വിമര്‍ശനം ഉണ്ടായി.

പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്

സി.പി.എം കണ്ണൂര്‍ മുന്‍ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പാര്‍ട്ടി തിരുത്ത്. ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാന്‍ നവ മാധ്യമങ്ങളെ ഉപയോഗിക്കാതെ പാര്‍ട്ടി ഫോറങ്ങള്‍ ഉപയോഗിക്കണമെന്നും കോടിയേരി പറഞ്ഞു. അതേസമയം, അന്തൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ജെയിംസ് മാത്യു എം.എല്‍.എ എം.വി ഗോവിന്ദനെതിരെ സംസ്ഥാനസമിതിയില്‍ പൊട്ടിത്തെറിച്ചു.

വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പി ജയരാജനെ കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി തിരുത്തിയത്. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ധര്‍മ്മശാലയില്‍ സി.പി.എം വിശദീകരണ യോഗം നടത്തിയപ്പോള്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയില്‍ ഇരുത്തി പി ജയരാജന്‍ അവരെ വിമര്‍ശിച്ചിരുന്നു. ഇതിനെയാണ് പാര്‍ട്ടി തിരുത്തിയത്.

Also read: പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളയെ വിമര്‍ശിച്ച് പി ജയരാജന്‍

Also read: പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം

ശ്യാമളയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്നും, ജനങ്ങള്‍ക്ക് മുന്നില്‍ നടപടി ഉറപ്പ് നല്‍കുന്നതിന് തുല്യമായിപ്പോയി അതെന്നും കോടിയേരി സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു. വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ ആയിരുന്നല്ലോ എന്നും കോടിയേരി സൂചിപ്പിച്ചു. ജയരാജനെ നിലപാടുകളെ ന്യായീകരിച്ച് പ്രത്യക്ഷപ്പെട്ട പി.ജെ ആര്‍മി എന്ന ഫെയ്‌സ് ബുക്ക് പേജുമായി ബന്ധപ്പെട്ടും വിമര്‍ശനം ഉണ്ടായി. വിയോജിപ്പുകളും, വ്യത്യസ്തമായ അഭിപ്രായങ്ങളും ഉണ്ടാകും, എന്നാല്‍ അത് പറയാന്‍ മറ്റ് വേദികള്‍ ഉപയോഗിക്കരുത്, പാര്‍ട്ടി ഫോറങ്ങളില്‍ പറയേണ്ടത് പാര്‍ട്ടി ഫോറങ്ങളില്‍ തന്നെ പറയണമെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ പറഞ്ഞു. പാര്‍ട്ടി വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പി.ജെ ആര്‍മി എന്ന പേജിനെ തള്ളിപ്പറഞ്ഞ് ജയരാജന്‍ രംഗത്ത് വന്നിരിന്നു. അതിന് പിന്നാലെ തന്നെ പേജും അപ്രത്യക്ഷമായി.

സംസ്ഥാനസമിതിയില്‍ ആന്തൂരുമായി ബന്ധപ്പെട്ട് ജെയിംസ് മാത്യു എം.എല്‍.എ കടുത്ത ചില വിമര്‍ശനങ്ങള്‍ സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദനെതിരെ ഉന്നയിച്ചു. ആന്തൂരിലെ പ്രശ്‌നം പരിഹരിക്കാന്‍ അന്ന് തദ്ദേശമന്ത്രിയായിരുന്ന കെ.ടി ജലീലിന് നിവേദനം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വിഷയം പരിശോധിക്കാന്‍ നഗരകാര്യ സൂപ്രണ്ടിംങ് എഞ്ചിനീയറെ മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് മന്ത്രിയുടെ പി.എസിനെ എം.വി ഗോവിന്ദന്‍ ഫോണില്‍ വിളിച്ചത് എന്തിനാണെന്ന് ജെയിംസ് മാത്യു ചോദിച്ചു. നേതാക്കളുടെ ഈഗോയാണ് ഇതിന് കാരണമെന്നും ജെയിംസ് മാത്യു കുറ്റപ്പെടുത്തി. കണ്ണൂര്‍ പാര്‍ട്ടിയെ വിഭാഗീതയാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് ശരിവെക്കുന്ന തരത്തിലാണ് സംസ്ഥാനസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.