LiveTV

Live

Kerala

ശബരിമല യുവതീപ്രവശനം തെരഞ്ഞെടുപ്പില്‍ ആഘാതമായെന്ന് സി.പി.എം

പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് സി.പി.എം ഇക്കാര്യം വ്യക്തമാക്കുന്നത്.

ശബരിമല യുവതീപ്രവശനം തെരഞ്ഞെടുപ്പില്‍ ആഘാതമായെന്ന് സി.പി.എം

വനിത മതിലിന് പിന്നാലെ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് തെരഞ്ഞെടുപ്പില്‍ കനത്ത ആഘാതം സൃഷ്ടിച്ചുവെന്ന് സി.പി.എം. വനിത മതിലിലെ സ്ത്രീകളുടെ പങ്കാളിത്തം വോട്ടായി മാറിയില്ല.കേരളത്തിലെ രാഷ്ട്രീയ അക്രമത്തിൽ സി.പി.എം മാത്രമാണ് ഉത്തരവാദിയെന്ന പ്രചരണം തിരിച്ചടിയുണ്ടാക്കിയെന്നും സി.പി.എം സമ്മതിക്കുന്നുണ്ട്. യു.ഡി.എഫിന് വോട്ട് മറിച്ചിട്ടും ബി.ജെ.പി വോട്ടുകളിലുണ്ടായ വര്‍ധനവ് ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണെന്നും സി.പി.എം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അവസാനിച്ച സി.പി.എം നേതൃയോഗങ്ങള്‍ തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കീഴ്ഘടകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാക്കിയ അവലോകനമാണ് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്.സംസ്ഥാന നേതൃയോഗങ്ങള്‍ വിലയിരുത്തിയത് പോലെ ശബരിമല യുവതീപ്രവേശനം തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.വനിതാമതിലിന‌ുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യു.ഡി.‌എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് സി.പി.എം സമ്മതിക്കുന്നു.ലക്ഷക്കണക്കിന് വനിതകള്‍ പങ്കെടുത്ത വനിത മതിലിലെ പങ്കാളിത്തം വോട്ടായി മാറിയില്ലെന്ന വസ്തുത സി.പി.എം അംഗീകരിക്കുന്നുണ്ട്. 56 ലക്ഷം സ്ത്രീകൾ പങ്കെടുത്ത ചരിത്രം സൃഷ്ടിച്ചതായിരിന്നു വനിതാമതില്‍. എന്നാല്‍ ഈ ബഹുജന സമരങ്ങളിൽ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി പരിവർത്തനം ചെയ്യപ്പെട്ടില്ല. അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് സി.പി.എമ്മിന്റെ മറ്റൊരു കണ്ടെത്തല്‍. സി.പി.എം ആണ് രാഷ്ട്രീയാക്രമണത്തിന്റെ ആഘാതം പേറേണ്ടി വന്നതെങ്കിലും പാർട്ടിയെ കരിതേച്ചു കാണിക്കാൻ ചില സംഭവങ്ങളെ ഉപയോഗിക്കുന്നതിൽ യു.ഡി.എഫും ബി.ജെ.പിയും മാധ്യമങ്ങളും വിജയിച്ചു. എതിരാളികൾക്ക് പാർടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന‌് അവസരങ്ങൾ ഉണ്ടാകില്ല എന്ന് പാർട്ടി ഉറപ്പുവരുത്തണം.

തെറ്റുകളും കുറവുകളും തിരുത്തുന്നതിനും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.ബി.ജെ.പി വോട്ട് വര്‍ധനവിലെ ആശങ്ക നേതൃത്വം വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ വോട്ടിൽ ഒരു ഭാഗം യു.ഡി.എഫിനു കൈമാറിയ ശേഷവും 15.56 ശതമാനം വോട്ടുകൾ നേടുന്നതിൽ ബി.ജെ.പി വിജയിച്ചു. ഇത് അതിയായ ഉൽകണ‌്ഠ ഉളവാക്കുന്ന കാര്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തതും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന പ്രചരണവും തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.