LiveTV

Live

Kerala

റിമാന്‍ഡ് പ്രതി മരിച്ച സംഭവം: നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍

സി.ഐ റെജി കുന്നിപ്പറമ്പനടക്കം ആറ് പേരെ സ്ഥലംമാറ്റി.

 റിമാന്‍ഡ് പ്രതി മരിച്ച സംഭവം: നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍

ഇടുക്കി പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് കേസിലെ പ്രതി മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. സി.ഐ ഉള്‍‌പ്പെടെ ആറ് പേരെ സ്ഥലം മാറ്റി. വാഗമണ്‍ സ്വദേശി രാജ്കുമാര്‍ മരിച്ചത് കസ്റ്റഡി മര്‍ദ്ദനം കാരണമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്‍റെ മറവില്‍ രണ്ട് കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാംപ്രതിയാണ് മരിച്ച രാജ്കുമാര്‍. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീര്മേട് സബ് ജയിലില്‍ എത്തിച്ചത്. ജയിലില്‍ എത്തിയതു മുതല്‍ രാജ്കുമാര്‍ അവശനായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പ്രതി ഡോക്റോട് പറഞ്ഞതായാണ് സൂചന. തുടര്‍ന്ന് ബന്ധുക്കളും ഈ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇരു കാല്‍മുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടര്‍ന്ന് മാറിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ന്യൂമോണിയ ബാധയാണ് മരണകാരമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം എന്ന് പൊലീസ് വ്യക്തമാക്കുന്നു.

കസ്റ്റഡി മരണം എന്ന ആരോപണം ശക്തമായതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഉള്‍പ്പെടെ നാലു പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയുകയും, സി.ഐ ഉള്‍പ്പെടെ ആറ് പേരെ അന്വേഷണവിധേയമായി കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തത്. സി.ഐ റെജി കുന്നുപ്പറമ്പനെ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേക്കും മറ്റുള്ളവരെ എ.ആര്‍ ക്യാമ്പിലേക്കുമാണ് സ്ഥലം മാറ്റിയത്.