LiveTV

Live

Kerala

കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവ്

ഗ്രാമപഞ്ചായത്തുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ ക്രമവിരുദ്ധമായ കാലതാമസം ഒഴിവാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയാണ് ഉത്തരവിറക്കിയത്. 

 കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവ്

കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ അഴിമതിയും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ ക്രമവിരുദ്ധമായ കാലതാമസം ഒഴിവാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയാണ് ഉത്തരവിറക്കിയത്. ആന്തൂരിലെ പ്രവാസി വ്യവസായുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

കെട്ടിട നിർമ്മാണ അനുമതിക്കായി കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും ജൂലൈ 10ന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഉചിതതീരുമാനം എടുത്ത് തീർപ്പാക്കണം. ഇക്കാര്യത്തിൽ എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പരിശോധന നടത്തി വീഴ്ച വരുത്തുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പേര് വിവരങ്ങളും നടപടി ശിപാർശകളും ജൂലൈ 15ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് നൽകണം. മുൻഗണനാക്രമം തെറ്റിക്കാതെയും 15 ദിവസത്തിൽ കൂടുതൽ കാലതാമസമുണ്ടാക്കാതെയും കെട്ടിട നിർമ്മാണ അനുമതികൾ നൽകാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.സമയപരിധിക്കുള്ളിൽ കെട്ടിട നിർമ്മാണ അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കാനുള്ള കമ്മിറ്റി എല്ലാ ഗ്രാമപഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ടെന്നും യോഗം ചേർന്ന് നടപടി സ്വീകരിക്കുന്നുണ്ടെന്നും പെർഫോർമൻസ് ഓഡിറ്റ് വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം.

ഗ്രാമപഞ്ചായത്തുകളിൽ നിന്നും കെട്ടിട നിർമ്മാണചട്ടങ്ങൾ പ്രകാരം അനുമതി വാങ്ങിയും വാങ്ങാതെയും നിർമ്മാണം പൂർത്തീകരിച്ച പല കെട്ടിടങ്ങൾക്കും കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പർ, എന്നിവ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുന്നതായും പരാതികളുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ തലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാനും ഉത്തരവിലുണ്ട്. 2019 മെയ് 31 വരെ കെട്ടിട നിർമ്മാണാനുമതി ലഭിക്കാത്തതും നിയമാനുസൃതം നിർമ്മാണം പൂർത്തിയാക്കിയിട്ടും കെട്ടിട വിനിയോഗാനുമതി, കെട്ടിട നമ്പർ എന്നിവ ലഭിക്കാത്തതുമായ അപേക്ഷകളാണ് അദാലത്തിന് പരിഗണിക്കേണ്ടത്. ദേശീയ സംസ്ഥാന ജില്ലാ പാതകൾക്ക് സമീപമുള്ള റോഡിൽ നിന്ന് മൂന്ന് മീറ്റർ ദൂരത്തിനുള്ളിൽ കെട്ടിട നിർമ്മാണം കർശനമായി നിരോധിക്കണമെന്നും പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. നിയമാനുസരണ രീതിയിൽ അല്ലാതെ കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടുണ്ടെങ്കിൽ അത് ഏത് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ നിർദേശിക്കുന്നു.