LiveTV

Live

Kerala

സ്റ്റെന്റ് വിതരണം നിര്‍ത്തിവെയ്ക്കും; മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയിലേക്ക്

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കലക്ടര്‍ ഇന്ന് വിതരണക്കാരുമായി ചര്‍ച്ച നടത്തും. 

സ്റ്റെന്റ് വിതരണം നിര്‍ത്തിവെയ്ക്കും; മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ സ്റ്റെന്റുള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവെയ്ക്കും. കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ജൂലൈ ആറ് മുതല്‍ വിതരണം നിര്‍ത്താനാണ് തീരുമാനം. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കലക്ടര്‍ ഇന്ന് വിതരണക്കാരുമായി ചര്‍ച്ച നടത്തും.

സ്റ്റെന്‍റുള്‍പ്പെടെയുള്ള ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആന്‍ജിയോ പ്ലാസ്റ്റികള്‍ നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റ് മെഡിക്കല്‍ കോളേജുകളിലും വിതരണം നിര്‍ത്തിവെയ്ക്കാന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് പുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 20 കോടി രൂപയും ആലപ്പുഴ മെഡിക്കല്‍ കോളേജ് 15 കോടി 21 ലക്ഷം രൂപയും കോട്ടയം ഒമ്പത് കോടി 65 ലക്ഷം രൂപയും തൃശൂരില്‍ നിന്ന് ഒരു കോടി 72 ലക്ഷവുമാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്. മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ ജൂലൈ ആറ് മുതല്‍ വിതരണം നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം.

ഉപകരണങ്ങള്‍ക്ക് പുറമെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണവും നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജീവന്‍രക്ഷാമരുന്നുകളുടെ ക്ഷാമവും ആശുപത്രിയില്‍ അനുഭവപ്പെട്ട് തുടങ്ങി. വിതരണക്കാര്‍ക്കുള്ള തുക നല്കിയില്ലെങ്കില്‍ ഈ പ്രതിസന്ധി മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിക്കും.