LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളുടെ ദുരിതം തുടരുന്നു

സ്റ്റെന്റുള്‍പ്പെടെയുള്ള ഹൃദയശസ്ത്രക്രിയ ഉപകരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നിലച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളുടെ ദുരിതം തുടരുന്നു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളുടെ ദുരിതം തുടരുന്നു. സ്റ്റെന്റുള്‍പ്പെടെയുള്ള ഹൃദയശസ്ത്രക്രിയ ഉപകരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നിലച്ചിരുന്നു. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായെത്തുന്ന രോഗികള്‍ മടങ്ങിപ്പോവുകയാണ്. രണ്ടായിരത്തോളം പേരാണ് ആന്‍ജിയോ പ്ലാസ്റ്റി ,ആന്‍ജിയോഗ്രാം ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്. കോഴിക്കോട് ഏറാമല സ്വദേശി മോഹന്‍ദാസിന് മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യാന്‍ മെഡിക്കല്‍ കോളേജിലെത്തിയത്. ആന്‍ജിയോ പ്ലാസ്റ്റിക്ക് മുമ്പായുള്ള രക്തപരിശോധനയും നടത്തി എത്തിയപ്പോഴാണ് കാത്ത് ലാബില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നില്ലെന്ന വിവരം അറിയിച്ചത്.

ഹൃദയത്തിന് ബ്ലോക്കുള്ള മോഹന്‍ദാസ് ഇനിയെത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന വിഷമത്തിലാണ്. സ്വകാര്യ ആശുപത്രിയെ സമീപിക്കാനുളള പണം കയ്യിലില്ലെന്നും മോഹന്‍ദാസ് പറയുന്നു. കോടികള്‍ കുടിശ്ശിക ആയതിനെ തുടര്‍ന്ന് ഹൃദയശസ്ത്രക്രിയയ്ക്കാവശ്യമായ സ്റ്റെന്റ്, ഓക്സിജനേറ്റര്‍, വാല്‍വ് തുടങ്ങി വിവിധ ഉപകരങ്ങളുടെ വിതരണം വിതരണക്കാര്‍ നിര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പാവപ്പെട്ട നിരവധി രോഗികളാണ് ശസ്ത്രക്രിയ നടത്താനാകാതെ മടങ്ങേണ്ടി വരുന്നത്.