യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി
നേരത്തെ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ തീരുമാനമായതായിരുന്നെങ്കിലും നിയമ വിദഗ്ധരുടെ ഉപദേശം തേടിയിരുന്നു.

യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയത്. നേരത്തെ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ തീരുമാനമായതായിരുന്നെങ്കിലും നിയമ വിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. നിയമോപദേശം കിട്ടിയതിന് ശേഷമാണ് നടപടിയുണ്ടായത്.
ഏപ്രില്‍ 21ന് കല്ലട ബസിലെ യാത്രക്കാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പെര്‍മിറ്റ് റദ്ദാക്കിയത്. ബസ് കേടായതിനെ തുടര്‍ന്ന് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു മര്‍ദനം. ബസ് വൈറ്റിലയില്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ മര്‍ദിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പിന്നാലെ നിരവധി പേര് കല്ലട ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി. ഏറ്റവും ഒടുവില്‍ ബസില്‍ വെച്ച് ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയും പുറത്തുവന്നു. മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിലുണ്ടായ സംഭവം യാത്രക്കാര്‍ ഇടപെട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്തു.