LiveTV

Live

Kerala

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍.

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളക്കെതിരെ കേസെടുക്കാന്‍ തെളിവുകളില്ലെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വീഴ്ച സംഭവിച്ചത് നഗരസഭ സെക്രട്ടറിക്കെന്നും അന്വേഷണ സംഘം വിലയിരുത്തി. അതിനിടെ ആന്തൂര്‍ നഗരസഭ സെക്രട്ടറി സമര്‍പ്പിച്ച മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അടുത്ത ദിവസം തന്നെ അനുമതി നല്‍കിയേക്കും.

ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. നഗരസഭ എഞ്ചിനീയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറിയുടെ ഭാഗത്ത് നിന്നും അനാവശ്യ ഇടപെടലുകളുണ്ടായി. എന്നാല്‍ സംഭവത്തില്‍ പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കാന്‍ തെളിവുകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യക്ക് കാരണം ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതാണെന്നുളള സൂചനകള്‍ സാജന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡയറിയിലും പി.കെ ശ്യാമളക്കെതിരായ പരാമര്‍ശങ്ങളൊന്നുമില്ല. ഈ സാഹചര്യത്തില്‍ സാജന്റെ ഭാര്യയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ശ്യാമളക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.

അതേസമയം സാജന്റെ ഓഡിറ്റോറിയത്തിന് രണ്ട് ദിവസത്തിനുളളില്‍ അന്തിമാനുമതി നല്‍കാനാണ് തീരുമാനം. ഇതിനായുളള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച നഗരസഭ ഉത്തര മേഖല ജോ.രജിസ്ട്രാര്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.