LiveTV

Live

Kerala

ബാലഭാസ്കറിന്റെ മരണം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിര്‍ദേശം

ബാലഭാസ്കറിന്റെ മരണം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. രണ്ട് ദിവസത്തിനകം ക്രൈംബാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി നിര്‍ദേശം

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ ഷെറീസ ഷാജി, സുനില്‍ കുമാര്‍ തുടങ്ങി നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ ചില പ്രതികള്‍ക്ക് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ബാലഭാസ്കറിന്‍റെ മരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിനോട് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണു, പ്രകാശ് മ്പി എന്നിവര്‍ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായിരുന്നു. ഇവര്‍ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് ബാലഭാസ്കറിന്‍റെ മരണവും സ്വര്‍ണക്കടത്ത് കേസും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.