LiveTV

Live

Kerala

പൊലീസ് സഹകരണ സംഘം റൗഡി സഹകരണ സംഘമാണോ? ഹൈക്കോടതി

സഹകരണ സംഘം തെരഞ്ഞെടുപ്പിന്‍റെ തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി വിമർശനം.

പൊലീസ് സഹകരണ സംഘം റൗഡി സഹകരണ സംഘമാണോ? ഹൈക്കോടതി

തിരുവനന്തപുരം പൊലീസ് സഹകരണ സംഘം റൗഡി സഹകരണ സംഘമാണോ എന്ന് ഹൈക്കോടതി. സഹകരണ സംഘം തെരഞ്ഞെടുപ്പിന്‍റെ തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി വിമർശനം. സൊസൈറ്റിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച കോടതി, അപേക്ഷകരായ എല്ലാവർക്കും നാളെ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

തിരുവനന്തപുരം പൊലീസ് സ്റ്റാഫ് സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സൊസൈറ്റിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച കോടതി അപേക്ഷകരായ എല്ലാവർക്കും നാളെ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി അഡ്വക്കറ്റ് കമ്മീഷണറെയും ഹൈക്കോടതി നിയോഗിച്ചു.

അപേക്ഷയിൽ 1667 പേർക്കാണ് ഇനി തിരിച്ചറിയൽ കാർഡ് നൽകാൻ ബാക്കിയുള്ളതെന്ന് സഹകരണ സംഘം കോടതിയെ അറിയിച്ചു. ഇത്തരം ആളുകൾ നാളെ നേരിട്ട് ഹാജരായി കാർഡ് കൈപ്പറ്റണമെന്നും പുതിയ അപേക്ഷകൾ സ്വീകരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. തിരിച്ചറിയിൽ കാർഡ് ലഭിച്ചില്ലെന്ന് ആരോപിച്ച് സൊസൈറ്റിക്ക് മുൻപിൽ കുത്തിയിരിക്കുകയും ബഹളം വെക്കുകയും ചെയ്ത 14 പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു.

സംഘര്‍ഷ സാധ്യത പരിഗണിച്ച് ആംഡ് ബറ്റാലിയന്‍റെ കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ് സമയം. ഇടത് അനുകൂല സംഘടനയില്‍ നിന്ന് പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.എസ് ബൈജു അടക്കം 11 പേരാണ് മത്സരിക്കുന്നത്. യു.ഡി.എഫ് അനുകൂല സംഘടനയില്‍ നിന്ന് ജി.ആര്‍ അജിത് അടക്കം 11 പേരുണ്ട്. ഇവര്‍ക്ക് വിമതരുടെ ഭീഷണിയുമുണ്ട്. 1300 പേര്‍ക്കാണ് വോട്ടിംഗ് അവകാശമുള്ളത്.