LiveTV

Live

Kerala

പ്രവാസിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി

വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥ തലത്തിലാണെന്നും ശ്യാമളക്കെതിരെ നടപടി വേണ്ടെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 

 പ്രവാസിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി. വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥ തലത്തിലാണെന്നും ശ്യാമളക്കെതിരെ നടപടി വേണ്ടെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ശ്യാമള തെറ്റുകാരി തന്നെയെന്ന നിലപാടിലാണ് സാജന്റെ കുടുംബം.

സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ പി.കെ ശ്യമാളക്ക് വീഴ്ച പറ്റിയെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.ഇക്കാര്യം ആന്തൂരില്‍ നടന്ന വിശദീകരണ യോഗത്തില്‍ സി.പി.എം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രവുമല്ല,വിഷയം സി.പി.എം സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്യുമെന്നും ശ്യമളക്കെതിരെ നടപടിയുണ്ടാകുമെന്നും സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായി തളളുകയാണ് സി.പി.എം സംസ്ഥാന കമ്മറ്റി ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ശ്യാമളക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടാവില്ലന്ന് ഉറപ്പായി.എന്നാല്‍ ശ്യാമള തെറ്റുകാരിയാണെന്ന നിലപാടില്‍ തന്നെയാണ് സാജന്റെ കുടുംബം. ശ്യാമളക്കെതിരെ നടപടിയെടുക്കുമെന്ന് പാര്‍ട്ടി ജില്ലാനേതൃത്വം സാജന്റെ കുടുംബത്തിന് നല്കിയ ഉറപ്പും ഇതോടെ പാഴ് വാക്കാവുമെന്ന് ഉറപ്പായി.