LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നിന്‍റെയും ജീവന്‍ രക്ഷാ ഉപകരണങ്ങളുടേയും വിതരണം പുനരാരംഭിക്കും

കോഴിക്കോട് ജില്ലാ കലക്ടറുമായി വിതരണക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നിന്‍റെയും ജീവന്‍ രക്ഷാ ഉപകരണങ്ങളുടേയും വിതരണം പുനരാരംഭിക്കും

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മരുന്നുകളുടെയും സ്റ്റെന്‍റുള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും വിതരണം പുനസ്ഥാപിക്കും. ജില്ലാ കലക്ടര്‍ സാംബശിവറാവു വിതരണക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. വിതരണക്കാര്‍ക്കുള്ള കുടിശ്ശികയുടെ ആദ്യഘട്ടം രണ്ട് ദിവസത്തിനുള്ളില്‍ നല്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ കെ.പി സജീത്ത്കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഒരാഴ്ചയായി നീണ്ടു നിന്ന പ്രതിസന്ധിക്കൊടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായത്. 50 കോടിയോളം രൂപ കുടിശ്ശിക ആയതിനെ തുടര്‍ന്ന് മരുന്ന്, സ്റ്റെന്‍റ് വിതരണക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള വിതരണം നിര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാകലക്ടര്‍ വിതരണക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. കാരുണ്യ പദ്ധതിയില്‍ നിന്നുള്ള തുക അനുവദിച്ചിട്ടുണ്ടെന്നും പ്രതിസന്ധി പരിഹരിച്ചെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ വിതരണക്കാര്‍ക്ക് കുടിശ്ശികയുടെ ആദ്യഘട്ടം നല്കും. ജൂലായ് 14നകം മുഴുവന്‍ തുകയും നല്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്കിയതായി വിതരണക്കാര്‍ പറഞ്ഞു. മരുന്ന് വിതരണം ഇന്നും സ്റ്റെന്‍റ് വിതരണം നാളേയും പുനസ്ഥാപിക്കും. കോഴിക്കോടിന് പുറമെ സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളജുകളിലെ സ്റ്റെന്‍റ് കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടുമാരെ കാണാന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളുടെ പ്രതിസന്ധി പരിഹരിക്കാനായി തുക അനുവദിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.