LiveTV

Live

Kerala

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി 

സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനം അല്ലെന്നും ജില്ലാ വിഭജനം ലളിതമായി തീരുമാനിക്കാവുന്ന കാര്യമല്ലെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി 

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സർക്കാർ. സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും, മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ജില്ലാ വിഭജനത്തിന് കോൺഗ്രസിനും, ലീഗിനും എതിർപ്പില്ലെന്നും, മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ ജില്ല രൂപീകരിക്കണമെന്നും ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച കെ.എൻ.എ ഖാദർ പറഞ്ഞു.

മലപ്പുറം ജില്ല രൂപീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് കഴിഞ്ഞാഴ്ച ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കാൻ കെ.എന്‍.എ ഖാദർ നോട്ടീസ് നൽകിയിരുന്നെങ്കിലും ലീഗ് നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്ന് അദ്ദേഹം പിന്മാറിയിരുന്നു. കോൺഗ്രസിന്റേയും, ലീഗ് നേതൃത്വത്തിന്റേയും പിന്തുണയോട് കൂടിയാണ് കെ എൻ എ ഖാദർ ഇന്ന് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ചത്. മലപ്പുറം ജില്ലയുടെ വികസനത്തിനും, ഭരണപരമായ സൗകര്യത്തിനും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ല രണ്ടായി വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ എൻ എ ഖാദർ ആവശ്യപ്പെട്ടു.

മലപ്പുറം മാത്രമല്ല മൂവാറ്റുപുഴയോ മറ്റോ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല രൂപീകരിക്കുന്നതും പരിഗണിക്കാമെന്ന് ഖാദർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ മറുപടി നൽകിയ ഇ പി ജയരാജൻ പ്രതിപക്ഷ ആവശ്യം തള്ളി. പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. മലപ്പുറം ജില്ലയിൽ അടക്കം അധികാര വികേന്ദ്രീകരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.