LiveTV

Live

Kerala

ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കി ഒത്തുതീര്‍പ്പിനില്ലെന്ന് ജോസ് കെ മാണി വിഭാഗം; ഒന്നിച്ച് പോകണമെന്ന് യു.ഡി.എഫ്   

കേരള കോണ്‍ഗ്രസ് ഒന്നായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കി ഒത്തുതീര്‍പ്പിനില്ലെന്ന് ജോസ് കെ മാണി വിഭാഗം; ഒന്നിച്ച് പോകണമെന്ന് യു.ഡി.എഫ്   

പാര്‍ട്ടിയിലെ തര്‍ക്കത്തില്‍‍ സമവായ സാധ്യത അടയ്ക്കരുതെന്ന് ജോസ് കെ മാണിയുമായി നടത്തിയ ചര്‍ച്ചയില്‍ യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു. സമവായ ചര്‍ച്ചകള്‍ തുടരാനാണ് യു.ഡി.എഫ് തീരുമാനം. കെ.എം മാണി ഒന്നിപ്പിച്ച പാര്‍ട്ടിയെ രണ്ടാക്കരുതെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ജോസ് കെ മാണിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.

സമവായത്തിന്‍റെ വാതിലുകള്‍ അടച്ചിടരുത്. സമവായത്തിന് തടസമാകുമെന്ന രീതിയില്‍ പ്രകോപനപരമായ പ്രസ്താവനകളും നടപടികളും ഉണ്ടാകരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിട്ടുവീഴ്ചക്ക് ശ്രമം നടത്തിയിരുന്നതായി ജോസ് കെ മാണി നേതാക്കളെ അറിയിച്ചു. എം.പി, എം.എല്‍.എമാര്‍, സംസ്ഥാന സമിതിയംഗങ്ങള്‍ എന്നിവരുടെ പിന്തുണയും ജോസ് പങ്കുവെച്ചു. സമവായത്തിന് തയ്യാറെന്ന് പറയുമ്പോഴും ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ആവര്‍ത്തിക്കുയാണ് ജോസ് കെ മാണി.

പി.ജെ ജോസഫുമായി ചര്‍ച്ച നടത്തിന്‍റെ തുടര്‍ച്ചയായാണ് ജോസ് കെ മാണിയുമായി യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നാളെ പി.ജെ ജോസഫുമായി യു.ഡി.എഫ് നേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തും. രണ്ടു വിഭാഗവും അവരവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ സമവായം എത്രത്തോളം സാധ്യമാണെന്ന ആശങ്ക യു.ഡി.എഫ് നേതാക്കള്‍ക്കുണ്ട്. ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ കഴിയോ എന്നും യു.ഡി.എഫ് നേതാക്കള്‍ നോക്കുന്നുണ്ട്.