LiveTV

Live

Kerala

റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയതിന് ലൈസന്‍സ് റദ്ദാക്കിയയാള്‍ക്ക് വീണ്ടും ലൈസന്‍സ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയതിന്  ലൈസന്‍സ് റദ്ദാക്കിയയാള്‍ക്ക് വീണ്ടും ലൈസന്‍സ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയതിന് ജില്ലാകലക്ടര്‍ ലൈസന്‍സ് റദ്ദാക്കിയയാള്‍ക്ക് വീണ്ടും ലൈസന്‍സ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. കക്കയത്തെ 226 ആം നമ്പര്‍ റേഷന്‍ കട നടത്തിയിരുന്ന വത്സമ്മ ജോസഫിന്റെ ലൈസന്‍സാണ് പുനസ്ഥാപിച്ചത്. ആദിവാസികള്‍ക്ക് അരിയടക്കം നല്‍കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിലകൂട്ടി വില്‍പ്പന നടത്തുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

ആദിവാസികളുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിലാണ് 2016ല്‍ ജില്ലാ കളക്ടറായിരുന്ന എന്‍ പ്രശാന്ത് വത്സമ്മ ജോസഫിന്റെ പേരിലുള്ള ലൈസന്‍സ് സ്ഥിരമായി റദ്ദ് ചെയ്തത്. കളക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ആദിവാസികള്‍ക്ക് അരി പോലും നല്‍കുന്നില്ലെന്ന് കണ്ടെത്തി. റേഷന്‍ സാധനങ്ങള്‍ പുറത്തേക്ക് മറിച്ച് കടത്തുന്നതും വ്യക്തമായി. ദുരുപയോഗം ചെയ്ത സാധനങ്ങളുടെ വിലയായ 88022 രൂപ സര്‍ക്കാരിലേക്ക് പിഴ അടക്കാനും നിര്‍ദ്ദേശിച്ചു. കാര്‍ഡ് ഉടമകളോട് അപമര്യാദയായി സംസാരിക്കുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് ഈ മാസം ആറാം തീയതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് വത്സമ്മ ജോസഫിന് ലൈസന്‍സ് പുനസ്ഥാപിച്ച് ഉത്തരവിറക്കുകയായിരുന്നു.

1996-ലെ റേഷനിംഗ് ഉത്തരവ് പ്രകാരം സ്ഥിരമായി റദ്ദാക്കിയ ലൈസന്‍സ് പുനസ്ഥാപിച്ചതിന് പിന്നില്‍ രാഷ്ട്രീയപരമായ ഇടപെടലുണ്ടായെന്നാണ് സൂചന. സ്ഥിരമായി ലൈസന്‍സ് റദ്ദാക്കിയയാള്‍ക്ക് വീണ്ടും ലൈസന്‍സ് അനുവദിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന ആക്ഷേപവുമായി ആദിവാസികള്‍ രംഗത്തുണ്ട്.