LiveTV

Live

Kerala

പി.ജയരാജനോട് ലോഹ്യം കൂടിയാലും എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥയെന്ന് കെ.എം ഷാജി 

ഗൌരവമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും നാല് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

 പി.ജയരാജനോട് ലോഹ്യം കൂടിയാലും എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥയെന്ന് കെ.എം ഷാജി 

പി.ജയരാജനോട് ലോഹ്യം കൂടിയാലും കൊല്ലപ്പെടും ജയരാജനെ എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥ എന്ന് കെ.എം ഷാജി ആരോപിച്ചു. ആന്തൂര്‍ വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.

കെ.എം ഷാജിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

സര്‍, ഈ സര്‍ക്കാര്‍ തുടങ്ങുന്നത് ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന തലവാചകത്തോടെയാണ്. ഓരോ ജീവിതത്തിലും ഒരു ഫയലുണ്ടെന്ന് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പക്ഷെ ആ ഫയല്‍ സൂക്ഷിക്കുന്നത് പൊലീസ് സ്റ്റേഷനിലും ക്രൈം ഡിപ്പാര്‍ട്ട്മെന്റുകളിലും മോര്‍ച്ചറികളിലുമാണ് എന്നതാണ് അവസ്ഥ. പത്തനാപുരത്തെ സുഗതന്‍ ഇപ്പോഴൊരു ഫയലാണ്. സാജനും ഒരു ഫയലാണ്. അദ്ദേഹം ആകെ ചെയ്തൊരു തെറ്റ് നമ്മള്‍ രാഷ്ട്രീയക്കാരെ അദ്ദേഹം വിശ്വസിച്ചുവെന്നതാണ്. സി.പി.എം ഒരു കേഡര്‍ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് ചില സിസ്റ്റങ്ങളുണ്ട്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി.ജയരാജനെ സാജന്‍ കണ്ടിരുന്നു. ആ കണ്ടുമുട്ടല്‍ കൊണ്ടാണ് അദ്ദേഹത്തിന് തന്റെ സ്ഥാപനം അനുവദനീയമാകാതെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട് എം.വി ഗോവിന്ദനെ കണ്ടിരുന്നെങ്കില്‍ ഇതുപോലൊരു ഗതികേട് എനിക്കുണ്ടാകുമായിരുന്നില്ല. അദ്ദേഹം ജയരാജന്റെ വീട്ടില്‍ കല്യാണത്തിന് പോയി. പോയിട്ട് വന്നപ്പോള്‍ താന്‍ അവിടെ പോകരുതായിരുന്നു, മറ്റാളുകള്‍ തന്നെ കണ്ടുവെന്നാണ് അദ്ദേഹം ഭാര്യയോട് പറഞ്ഞത്.

കണ്ണൂരില്‍ ഇതെന്തൊരു കഷ്ടമാണ് സര്‍, ജയരാജനോട് ലോഹ്യം കൂടിയാലും മരിക്കും എതിര്‍ത്താലും മരിക്കും എന്ന അവസ്ഥയാണ്. നാത്തൂന്‍പോരും അമ്മായിമ്മപ്പോരും തീര്‍ക്കാനുള്ള സ്ഥലമല്ല പഞ്ചായത്തും മുനിസിപ്പാലിറ്റിയും. ഭാര്യയും മക്കളും ഒരുമിച്ച് ചേര്‍ന്ന് കയ്യിട്ട് വാരുമ്പോള്‍ അനുമതിക്ക് വേണ്ടി ആര്‍ക്കു മുന്നിലാണ് ഒരു മനുഷ്യന്‍ കുനിയേണ്ടതെന്ന് ദയവ് ചെയ്ത് ഒരു പ്രോട്ടോക്കോള്‍ ഗസറ്റ് പുറത്തിറക്കണം. അനുമതി കിട്ടിയാലും തന്നെ അവര്‍ ഉപദ്രവിക്കുമെന്നാണ് സാജന്‍ ഭാര്യയോട് പറഞ്ഞത്. പാര്‍ട്ടിക്ക് തിരിച്ചു നല്‍കി കയ്യൊഴിഞ്ഞാലോ എന്ന് സാജന്‍ ഒരു വേള ചോദിച്ചുവത്രേ. ആത്മഹത്യ ചെയ്യുന്നവന്‍ ഭീരുവാണെന്നാണ് പറയുന്നത്. ജീവിതം മുഴുവന്‍ വിദേശത്ത് കൊണ്ടുപോയി ഹോമിച്ച് ഉണ്ടാക്കിയ പണം മുഴുവന്‍ തീര്‍ന്നു. അവസാനം അയാള്‍ പത്തൊന്‍പതാമത്തെ തവണ ശ്യാമളയെ പോയികണ്ടു. നിങ്ങള്‍ വെറുതെ മെനക്കെടണ്ട, ചെരിപ്പ് തേയണ്ട, ഞാനീ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം നടക്കില്ലെന്നാണ് ശ്യാമള പറഞ്ഞത്. പത്ത് കോടി രൂപക്ക് തീരേണ്ട പ്രോജക്ട് തീര്‍ന്നത് 18 കോടി രൂപക്കാണ്. ഒരു രക്ഷയും ഇല്ലാതെ വന്നപ്പോള്‍ ഇരുപതാമത്തെ തവണ അയാള്‍ വീണ്ടും ശ്യാമളയെ കണ്ടു. അതൊരു സ്തൂപമായി നില്‍ക്കട്ടെ എന്നായിരുന്നു മറുപടി. അന്ന് നിരാശനായി സാജന്‍ വീട്ടിലെത്തിയപ്പോള്‍ ശ്യാമളയുടെ കാല് പിടിക്കാമെന്ന് ഭാര്യ പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. ഒടുവില്‍ സഹികെട്ടാണ് അയാള്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളാണെന്നും ദുര്‍ബ്ബലരാണെന്നും നമ്മള്‍ പറയാറുണ്ട്. അങ്ങിനെ പറയരുത്..എല്ലാവര്‍ക്കും ഇരട്ടച്ചങ്കുണ്ടാകണമെന്നില്ല, അത് വളരെ അപൂര്‍വ്വം പേര്‍ക്കുള്ളതാണ്. പ്രത്യേകിച്ചും പാവം പ്രവാസികള്‍ക്ക്. നമ്മളെ പോലെ ശക്തിയുള്ളവരല്ല അവര്‍, ദുര്‍ബ്ബലരാണ്.

ഒരു പ്രവാസിയെ എങ്ങിനെ ബുദ്ധിമുട്ടിക്കാമെന്ന് ഗവേഷണം നടത്തുകയാണ് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥര്‍. നാട്ടിലൊരു ദുരന്തമുണ്ടാകുമ്പോള്‍ കോട്ടുമിട്ട് നമ്മള്‍ വിദേശത്ത് പോകാറില്ലേ. അപ്പോഴൊക്കം വിമാനത്താവളത്തില്‍ പൂക്കളുമായി കാത്തുനില്‍ക്കുന്നവരാണ് ഈ പ്രവാസികള്‍. അവരുടെ കൂടെ ഭക്ഷണം കഴിക്കും സെല്‍ഫി എടുക്കും. നാട്ടില്‍ വന്നാലും ഈ സ്നേഹമുണ്ടാകുമെന്ന് പ്രവാസികള്‍ വിചാരിക്കും. അങ്ങിനെ വന്നതാണ് ഈ സാജനും. അവരെന്ത് തെറ്റാണ് ചെയ്തത്. പാര്‍ട്ടിക്ക് വയല്‍ നികത്താം, കണ്ടല്‍ക്കാട് വെട്ടാം, അമ്യൂസ്മെന്റ് പാര്‍ക്കുണ്ടാക്കാം. ഇതൊന്നു തെറ്റല്ല. എന്നാല്‍ ഒരു പ്രവാസി നിയമപരമായി ഉണ്ടാക്കുന്ന സ്ഥാപനത്തിന് പോലും അനുമതി ലഭിക്കുന്നില്ല. സാജനും ഒരു രക്തസാക്ഷിയാണ്, തെരുവില്‍ തല്ലി മരിച്ച രക്തസാക്ഷിയല്ല. ആ രക്തസാക്ഷിത്വത്തില്‍ ഇവിടെ ഇരിക്കുന്ന 140 പേര്‍ക്കും പങ്കുണ്ട്.

ആഫ്രിക്കയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് ഭാര്യ പറഞ്ഞത്. നാട്ടിലെത്തിയിട്ട് ഒരു ദിവസം പോലം വീട്ടിലിരുന്നില്ല. ആ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയില്‍ വെളിച്ചമുണ്ട്,എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട് ഭരിക്കുന്നത് പിശാചുക്കളാണെന്നാണ് അവര്‍ പറഞ്ഞത്.