ചര്‍ച്ച പരാജയം: അന്തര്‍സംസ്ഥാന ബസ് സമരം തുടരും
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു.

അന്തര്‍ സംസ്ഥാന ബസ്സുകള്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബസ് ഉടമകള്‍. മന്ത്രിയുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ ബസ് സമരത്തെ നേരിടുന്നതിന് കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും.
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് കേരളം, കര്‍ണാടക, ആന്ധ്ര പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് പോകാമെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ബസുടമകള്‍ പറയുന്നു.
സമരത്തെ നേരിടാന്‍ കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. 49 ബാംഗ്ലൂര്‍ സര്‍വീസുകള്‍ ഇതിനോടകം ബുക്കിങ് ആരംഭിച്ചു. എട്ട് അധിക സര്‍വീസുകള്‍ കൂടി നടത്തും. സൂപ്പര്‍ ഡീലക്സ്, എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളായിരിക്കും സര്‍വീസ് നടത്തുക.