LiveTV

Live

Kerala

കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് രണ്ട് പേരെ ആക്രമിച്ചു

അക്രമികള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും അക്രമത്തിനിരയായവര്‍ പറഞ്ഞു.

കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് രണ്ട് പേരെ ആക്രമിച്ചു

പശുക്കടത്ത് ആരോപിച്ച് കാസര്‍കോട് ലോറി ഡ്രൈവറെയും സഹായിയെയും ആക്രമിച്ചതായി പരാതി. ബദിയടുക്ക മഞ്ചനടുക്കത്താണ് സംഭവം. പരിക്കേറ്റ കര്‍ണാടക പുത്തൂര്‍ സ്വദേശികളായ ഹംസയെയും അല്‍ത്താഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടക പുത്തൂരില്‍ നിന്നും പശുക്കളെയും കൊണ്ട് വരുന്നതിനിടെ എന്‍മകജെ മഞ്ചനടുക്കയില്‍ വെച്ചാണ് അക്രമമുണ്ടായത്. കാറിലെത്തിയ സംഘം പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മാരകായുധങ്ങളുമായാണ് സംഘമെത്തിയതെന്ന് അക്രമത്തിന് ഇരയായവര്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ പുത്തൂര്‍ പര്‍പുഞ്ച സ്വദേശികളായ പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ ഹംസ, സഹായി അല്‍ത്താഫ് എന്നിവരെ കാസര്‍കോട്ടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുത്തൂര്‍ കെദിലയിലെ ഇസ്മയില്‍ എന്നയാളാണ് പശുക്കളെ കാസര്‍കോട് ബന്തിയോട്ടെക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തു കേന്ദ്രം നടത്തുന്ന ഹാരിസിന് നല്‍കാനായി അരലക്ഷം രൂപയും ഇസ്മയില്‍ ഇവരുടെ കൈവശം നല്‍കിയിരുന്നു. പണം കൈമാറാന്‍ എത്തിയപ്പോഴായിരുന്നു അക്രമമെന്ന് ഹംസ പറഞ്ഞു.

അക്രമികള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും അക്രമത്തിനിരയായവര്‍ പറഞ്ഞു. ഹംസയും അല്‍ത്താഫും മര്‍ദ്ദനമേറ്റു വീണയുടന്‍ അക്രമി സംഘം പിക്ക് അപ്പ് വാനുമായി സ്ഥലം വിട്ടു. പശുക്കളെ കൊണ്ടുവരുന്നതിനായി കര്‍ണാടക മൃഗസംരണ വകുപ്പിലെ വെറ്റിനറി ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും അരലക്ഷം രൂപയും സംഘം അപഹരിച്ചതായും ഹംസ പറഞ്ഞു. ഇരുവരുടെയും പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. അക്രമത്തിനിരയായവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിനിടെ കര്‍ണാടക വിട്‌ലയില്‍ നിന്നും അക്രമികള്‍ കടത്തിക്കൊണ്ട് പോയ പിക്ക് അപ്പ് വാന്‍ കണ്ടെത്തി. ആറംഗ അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.