LiveTV

Live

Kerala

കിടപ്പാടം തട്ടിയെടുക്കാന്‍ ബ്ലേഡ് മാഫിയയുടെ ശ്രമം; പണം തിരികെ നല്‍കിയിട്ടും ആധാരം തിരികെ നല്‍കിയില്ല  

കിടപ്പാടം തട്ടിയെടുക്കാന്‍ ബ്ലേഡ് മാഫിയയുടെ ശ്രമം; പണം തിരികെ നല്‍കിയിട്ടും ആധാരം തിരികെ നല്‍കിയില്ല  

വായ്പ്പയെടുത്ത പണം തിരികെ നല്‍കിയിട്ടും ആധാരം തിരിച്ച് നല്‍കാതെ വീട്ടമ്മയുടെ കിടപ്പാടം തട്ടിയെടുക്കാന്‍ ബ്ലേഡ് മാഫിയയുടെ ശ്രമം. എറണാകുളം മൂലമ്പള്ളി ലക്ഷംവീട് കോളനിയിലെ ഷീബയുടെ കിടപ്പാടമാണ് ബ്ലേഡ് മാഫിയ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. പൊലീസും ബ്ലേഡ് മാഫിയക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു

2010 ലാണ് ബുക്ക് ബൈന്റിംഗ് സ്ഥാപനം നടത്തുന്നതിനായി ആധാരം പണയപ്പെടുത്തി ഷീബ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ പലിശക്കെടുത്തത്. മുന്‍പ് പലപ്പോഴും പലിശക്ക് പണം നല്‍കിയിരുന്ന ജാസ്മിന്‍ എന്ന സ്ത്രീ ആവശ്യപ്പെട്ടത് പ്രകാരം പ്രമാണത്തിന്റെ ഒറിജിനല്‍ ഇവരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഷാഹിത എന്ന സ്ത്രീയേയും അവര്‍ വഴി കലൂര്‍ സ്വദേശിയായ സീന നസീര്‍ എന്ന സ്ത്രീയേയും ജാസ്മിന്‍ പരിചയപ്പെടുത്തി. പലിശക്ക് പണം നല്‍കുന്നതിന് കരാറില്‍ ഒപ്പുവെക്കണമെന്ന് പറഞ്ഞ് വിലയാധാരത്തില്‍ ഒപ്പിടുവിച്ചു. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാസ്മിന്‍ വഴി ഷീബയ്ക്ക് പണം നല്‍കിയത്. 2011 ജൂണില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ചിട്ടി പിടിച്ച് 2 ലക്ഷം രൂപ സീന നസീറിന് തിരികെ നല്‍കി. എന്നാല്‍ ആധാരം തിരിച്ച് നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഷാഹിത 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ആ പണം നല്‍കിയാലെ ആധാരം തിരികെ നല്‍കൂ എന്നാണ് ഇവര്‍ പറഞ്ഞത്.

കഴിഞ്ഞ മാസം പരാതി നല്‍കിയെങ്കിലും പൊലീസ് മാഫിയക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു. അരക്കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം ചതിയിലൂടെ തട്ടിയെടുക്കാനാണ് ശ്രമം നടക്കുന്നത്.