LiveTV

Live

Kerala

ബാങ്കേഴ്സ് സമിതിയുടെ ജപ്തി ഭീഷണി; മനുഷ്യത്വ വിരുദ്ധമെന്ന് സുനില്‍ കുമാര്‍, ചര്‍ച്ച തുടരുമെന്ന് തോമസ് ഐസക്

മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം മറ്റന്നാള്‍ നടക്കാനിരിക്കെ ജനങ്ങളെ ഭയപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കൃഷിമന്ത്രി മീഡിയവണിനോട് പറഞ്ഞു.

ബാങ്കേഴ്സ് സമിതിയുടെ ജപ്തി ഭീഷണി; മനുഷ്യത്വ വിരുദ്ധമെന്ന് സുനില്‍ കുമാര്‍, ചര്‍ച്ച തുടരുമെന്ന് തോമസ് ഐസക്

ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന ബാങ്കേഴ്സ് സമിതി പരസ്യത്തിനെതിരെ കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. ബാങ്കേഴ്സ് സമിതിയുടെ നിലപാട് മനുഷ്യത്വരഹിതമാണ്. മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം മറ്റന്നാള്‍ നടക്കാനിരിക്കെ ജനങ്ങളെ ഭയപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കൃഷിമന്ത്രി മീഡിയവണിനോട് പറഞ്ഞു.

അതേസമയം ബാങ്കേഴ്സ് സമിതിയുടേത് ഇരട്ടത്താപ്പ് നയമാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. കേരളം നിലപാടില്‍ ഉറച്ചു നില്‍ക്കും. മൊറട്ടോറിയം നീട്ടാനാവില്ലെന്ന ആര്‍.ബി.ഐ നിലപാടിനെ തുടര്‍ന്ന് ജപ്തി നടപടികളുമായി മുന്നോട്ട് പോവുന്ന ബാങ്കുകളുമായി സര്‍ക്കാര്‍ ഇനിയും ചര്‍ച്ചകള്‍ നടത്തും. വയലുകള്‍ മാത്രമേ കൃഷിഭൂമിയായി പരിഗണിക്കൂ എന്ന നിലപാട് ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു.

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ന് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് ബാങ്കേഴ്സ് സമിതി വ്യക്തമാക്കിയത്. മൊറട്ടോറിയം കാലാവധി നീട്ടി നൽകില്ലെന്ന് ആര്‍.ബി.ഐ അറിയിച്ച സാഹചര്യത്തില്‍ ജപ്തി ഒഴിവാക്കാനാകില്ലെന്നാണ് ബാങ്കേഴ്സ് സമിതിയുടെ വിശദീകരണം. ഇതിനെതിരെയാണ് ഇപ്പോള്‍ മന്ത്രിമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.