LiveTV

Live

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല

യു.ഡി.എഫ് നേതാക്കള്‍ സാജന്റെ വീട്ടിലെത്തി 

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെ കേസെടുക്കണമെന്ന്  ചെന്നിത്തല

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലെ യഥാര്‍ഥ കുറ്റവാളി നഗരസഭാ ചെയര്‍പേഴ്സണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെയര്‍പേഴ്സണെതിരെ കേസെടുക്കണം, കേസ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം, ആത്മഹത്യക്ക് കാരണമായത് സി.പി.എമ്മിലെ വിഭാഗീയതയാണെന്നും ചെന്നിത്തല പറഞ്ഞു. മരിച്ച സാജന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നേതാക്കളും രമേശ് ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.

ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള യു.ഡി.എഫ് സംഘം ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. സാജന്‍റെ ഭാര്യ ബീന, സഹോദരന്‍ തുടങ്ങിയവരുമായി സംഘം സംസാരിച്ചു. ശ്യാമളയെ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്നും സംഭവത്തെക്കുറിച്ച് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സാജന്‍റെ ഓഡിറ്റോറിയത്തിന് അടിയന്തരമായി പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആവശ്യപ്പെട്ടു. അന്വേഷണം തൃപ്തികരമല്ലങ്കില്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.