LiveTV

Live

Kerala

ലേക്ക് പാലസ് റിസോര്‍ട്ടിന് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവിനെതിരെ നഗരസഭക്ക് നിയമോപദേശം

പിഴയീടാക്കി അനധികൃത നിര്‍മാണം ക്രമവത്കരിക്കണമെന്ന് ഉത്തരവിടാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും..

ലേക്ക് പാലസ് റിസോര്‍ട്ടിന് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവിനെതിരെ നഗരസഭക്ക് നിയമോപദേശം

ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിന് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവിനെതിരെ നഗരസഭക്ക് നിയമോപദേശം. പിഴയീടാക്കി അനധികൃത നിര്‍മാണം ക്രമവത്കരിക്കണമെന്ന് ഉത്തരവിടാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ഉത്തരവ് പാലിക്കേണ്ടതില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. 35 ലക്ഷം രൂപ ഈടാക്കി നിര്‍മാണം ക്രമവല്‍ക്കരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നഗരസഭ നിയമോപദേശം തേടിയത്.

ലേക്ക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മിതി വിഷയത്തിൽ നിയമ പോരാട്ടത്തിനു വഴിവെക്കുന്നതാണ് സീനിയർ കൗൺസിലിന്റെ നിയമോപദേശം. റിസോർട്ടിൽ നിന്നും നികുതിയും പിഴയും അടക്കം 2.71 കോടി രൂപ ഈടാക്കാനുളള നഗരസഭാ നീക്കത്തിൻമേൽ കോടതിയോ തദ്ദേശ സ്വയം ഭരണ ട്രിബ്യൂണലോ ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാൽ തന്നെ സർക്കാർ ഉത്തരവ് നിലനിൽക്കുകയില്ലെന്ന് നിയമോപദേശത്തിൽ പറയുന്നു.

സാധാരണ ഗതിയിലുളള നികുതി വിഷയത്തിൽ സർക്കാരിനിടപെടാം. എന്നാൽ നികുതിയും പിഴയും ചുമത്തിയ വിഷയത്തിലാണ് സർക്കാർ ഇടപെട്ടത്. അതിനാൽതന്നെ ഉത്തരവ് സ്വീകരിക്കുകയോ തളളുകയോ ചെയ്യാനുളള അവകാശം നഗരസഭാ കൗൺസിലിനാണ്. ഈ സാഹചര്യത്തിൽ ലേക്ക് പാലസ് വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച നഗരസഭാ കൗൺസിൽ ചേരും. നിയമ നടപടികൾ സ്വീകരിക്കണമെന്ന പൊതുനിലപാടാണ് ഭരണകക്ഷിയായ കോൺഗ്രസിനുളളത്.

റിസോർട്ടിലെ അനധികൃത നിർമ്മിതികൾക്ക് ചുമത്തിയ 2.71 കോടി വെട്ടിക്കുറച്ച് 35 ലക്ഷമാക്കിക്കൊണ്ടു നഗരസഭ റീജ്യണൻ ഡയറക്ടർ ഈ മാസം ആദ്യമാണ് ഉത്തരവിട്ടത്. കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനും ലൈസൻസ് പുതുക്കാനുമുളള അപേക്ഷകളിന്മേൽ ഉചിത തിരുമാനം ഉണ്ടാകണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.