LiveTV

Live

Kerala

മധ്യവയസ്കനെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: വീട്ടുടമ അറസ്റ്റില്‍

എയര്‍ഗണ്‍ ഉപയോഗിച്ച് പ്രസാദിനെ തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സജീവന്‍ പൊലീസിന് മൊഴി നല്‍കി.

മധ്യവയസ്കനെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: വീട്ടുടമ അറസ്റ്റില്‍

കോതമംഗലം പോത്താനിക്കാട് മധ്യവയസ്കനെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എയര്‍ഗണ്‍ ഉപയോഗിച്ച് പ്രസാദിനെ തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സജീവന്‍ പൊലീസിന് മൊഴി നല്‍കി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇന്നലെയാണ് പ്രസാദിനെ സജീവന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസാദും സജീവനും ടെറസിന് മുകളിലിരുന്ന് മദ്യപിച്ചിരുന്നു. തന്റെ അനുവാദമില്ലാതെ പ്രസാദ് ഒരു കുപ്പി മദ്യം കഴിച്ചതിന്റെ ദേഷ്യത്തിലാണ് എയര്‍ഗണ്‍ ഉപയോഗിച്ച് പ്രസാദിനെ മര്‍ദിച്ചത് എന്നാണ് സജീവന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എയര്‍ ഗണ്‍ ഉപയോഗിച്ച് തലയ്ക്കും നെഞ്ചത്തും ശക്തിയായി ഇടിച്ചുവെന്നാണ് സജീവന്‍ നല്‍കിയ മൊഴി. ആദ്യ ഘട്ടത്തില്‍ എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റാണ് പ്രസാദ് മരിച്ചത് എന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. ബാലിസ്റ്റിക് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയില്‍ പ്രസാദിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു.

തുടക്കത്തില്‍ തന്നെ പ്രസാദിന്റെ മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. കേസില്‍ സജീവിനെയും മറ്റ് രണ്ട് സുഹൃത്തക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രസാദും സജീവും ടെറസിന് മുകളിലിരുന്ന് മദ്യപിക്കാറുണ്ടെന്ന് സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി സജീവന്‍ കുറ്റം സമ്മതിച്ചത്.