LiveTV

Live

Kerala

ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നതായി സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ആശങ്ക

വലിയ തോല്‍വി മുന്‍കൂട്ടി കാണാനാകാതെ പോയത് ഇത് ശരിവെയ്ക്കുന്നു. ഇതിനെ മറികടക്കാന്‍ താഴെ തട്ടില്‍ ശക്തമായ പ്രചരണം നടത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍..

ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നതായി സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ആശങ്ക

പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നതായി സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ആശങ്ക. വലിയ തോല്‍വി മുന്‍കൂട്ടി കാണാനാകാതെ പോയത് ഇത് ശരിവെയ്ക്കുന്നു. ഇതിനെ മറികടക്കാന്‍ താഴെ തട്ടില്‍ ശക്തമായ പ്രചരണം നടത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരേയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ ചേര്‍ന്ന സി.പി.എമ്മിന്‍റെ സംസ്ഥാന സമിതി യോഗത്തിലാണ് പാര്‍ട്ടിക്ക് നഷ്ടപ്പെടുന്ന ജനപിന്തുണയെ കുറിച്ച് അംഗങ്ങള്‍ ആശങ്ക പങ്ക് വെച്ചത്. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നതിന്റെ തെളിവാണ് വലിയ തോല്‍വി മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയതെന്ന് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. പല മണ്ഡലങ്ങളിലും ലക്ഷം വോട്ടുകള്‍ക്കാണ് തോറ്റത്. ഇത് തിരിച്ചറിയാന്‍ കഴിയാതിരുന്നത് വലിയ പോരായ്മയാണെന്നും അംഗങ്ങള്‍ പറഞ്ഞു.

പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. പല സംസ്ഥാനങ്ങളിലും വ്യത്യസ്ത നയങ്ങള്‍ തീരുമാനിച്ചത് തിരിച്ചടിയുണ്ടാക്കി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് എടുത്ത സമീപനം കേരളത്തില്‍ തെറ്റിധാരണയുണ്ടാക്കി. ഇത് തിരിച്ചടിയുടെ ആക്കം തൂട്ടി. പല മണ്ഡലങ്ങളിലും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചുവെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. എല്‍.ഡി.എഫ് പരാജയം ഉറപ്പിക്കലായിരുന്നു ബി.ജെ.പി ലക്ഷ്യം. വിശ്വാസികള്‍ക്കുണ്ടായ തെറ്റിധാരണ മറികടക്കാന്‍ എല്‍.ഡി.എഫിനായില്ലെന്നും അംഗങ്ങള്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ താഴെ തട്ടില്‍ പ്രചാരണം നടത്തണം. അല്ലാതെ വിശ്വാസി വോട്ടുകള്‍ തിരികെ പിടിക്കാനാവില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചക്ക് വന്നില്ല. സംസ്ഥാന കമ്മിറ്റി നാളെ അവസാനിക്കും.