LiveTV

Live

Kerala

മൂന്നാറില്‍ കസ്റ്റഡി മര്‍ദനം; മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി

മൂന്നാറില്‍ വിനോദസഞ്ചാരികളെ മര്‍ദ്ദിക്കുകയും മോഷണം നടത്തുകയും ചെയ്ത കേസിലെ പ്രതിയാണ് സതീശന്‍

മൂന്നാറില്‍ കസ്റ്റഡി മര്‍ദനം; മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി

മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതിക്ക് മര്‍ദനമേറ്റതായി പരാതി. ക്രിമിനല്‍ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിക്ക് നട്ടെല്ലിനാണ് മര്‍ദനമേറ്റത്. തുടര്‍ന്ന് എസ്.ഐ ഉള്‍പ്പടെ മൂന്ന് പേരെ സ്ഥലം മാറ്റി. പ്രതിക്ക് സി.പി.എം ബന്ധമുള്ളതുകൊണ്ടാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതെന്നും ആക്ഷേപമുണ്ട്.

മൂന്നാറില്‍ വിനോദസഞ്ചാരികളെ മര്‍ദ്ദിക്കുകയും മോഷണം നടത്തുകയും ചെയ്ത കേസിലെ പ്രതിയാണ് സതീശന്‍. ഒളിവിലായിരുന്ന ഇയാളെ ഇന്നലെ പാലക്കാട് വച്ച് മൂന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ സ്റ്റേഷനില്‍ വച്ച് ലോക്കപ്പ് മര്‍ദ്ദനം നടത്തിയെന്നാണ് പ്രതി സതീശന്‍റെ പരാതി. പരാതിയെതുടര്‍ന്ന് മൂന്നാര്‍ എസ്.ഐ ശ്യംകുമാര്‍, എ.എസ്.ഐ രജേഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തോമസ് എന്നിവരെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. നട്ടെല്ലിന് പരിക്കേറ്റ പ്രതി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സതീശനെന്ന് പൊലീസ് പറയുന്നു. പ്രതിക്ക് സി.പി.എം ബന്ധമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇതിന്‍റെ ഭാഗമാണെന്നും ആരോപണമുണ്ട്.