LiveTV

Live

Kerala

ബിനോയിയെ കണ്ടെത്താനായിട്ടില്ല; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ബിനോയിയെ കണ്ടെത്താനായിട്ടില്ല; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ബിഹാര്‍ സ്വദേശിയായ യുവതിയെ ലൈംഗികമായി പീ‍ഡിപ്പിച്ചെന്ന കേസില്‍‍ ബിനോയ് കോടിയേരി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. ഒളിവില്‍ പോയ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പോലീസ് അന്വേഷണം ഈര്‍ജിതമാക്കി. ഇതിനിടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് രേഖപ്പെടുത്തിയ യുവതിയുടെ പാസ്പോർട്ട് രേഖകള്‍ പുറത്തുവന്നു.

കഴിഞ്ഞ ആഴ്ചയാണ് മുംബൈയിൽ താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്ക് എതിരെ ബലാത്സംഗത്തിനും വഞ്ചനക്കും പരാതി നൽകിയത്. കേസെടുത്ത ഓഷിവാര പോലീസ് ശനിയാഴ്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഓഷിവാര സ്റ്റേഷനിലെ പോലീസുകാർ കേരളത്തിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. ബിനോയിയോട് ഹാജരാകാൻ കോടതി ഉത്തരവിടുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ബിനോയിയെ കണ്ടെത്താൻ മുംബൈ പോലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കില്ല. കോടതി വിധി വന്ന ശേഷം തീരുമാനിക്കുമെന്നാണ് പോലീസ് അറിയിച്ചത്. ബിനോയിക്കെതിരെ തെളിവായി യുവതി സമർപ്പിച്ച പാസ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. 2014ൽ പുതുക്കിയ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ്.