LiveTV

Live

Kerala

ചട്ടലംഘനം: ടി.പി വധക്കേസ് കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവരെ ജയില്‍ മാറ്റുമെന്ന് ഋഷിരാജ് സിംഗ്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഷാഫിയില്‍ നിന്ന് രണ്ട് സ്മാര്‍ട്ട് ഫോണും കൊടി സുനിയില്‍ നിന്ന് സിമ്മില്ലാത്ത ഒരു ഫോണും പിടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ചട്ടലംഘനം: ടി.പി വധക്കേസ് കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവരെ ജയില്‍ മാറ്റുമെന്ന് ഋഷിരാജ് സിംഗ്

ചട്ടലംഘനം നടത്തിയ ടി.പി വധക്കേസ് കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവരെ ജയില്‍ മാറ്റുമെന്ന് സംസ്ഥാന ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. മാസത്തില്‍ 15 ജയിലുകളിലെങ്കിലും ഇനി മുതല്‍ മിന്നല്‍ പരിശോധന ഉണ്ടാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ തടവുകാരില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളും ലഹരി വസ്തുക്കളും കണ്ടെത്തിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഷാഫിയില്‍ നിന്ന് രണ്ട് സ്മാര്‍ട്ട് ഫോണും കൊടി സുനിയില്‍ നിന്ന് സിമ്മില്ലാത്ത ഒരു ഫോണും പിടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഇരുവരേയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്കാണ് മാറ്റുക.

തടവുകാരുടെ രാഷ്ട്രീയ സ്വാധീനം ഇനി മുതല്‍ ജയിലുകളില്‍ നടപ്പാകില്ലെന്നും ജയില്‍ ഡി.ജി.പി പറഞ്ഞു. ഭയം കൂടാതെ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. വിചാരണക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തും. ഇതിലൂടെ തടവുകാര്‍ക്ക് പുറത്ത് നിന്ന് സാധനങ്ങള്‍ ലഭിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ചട്ടലംഘനം കണ്ടെത്തിയാല്‍ ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.