ഗവണ്മെന്റ് അധ്യാപികയെ പി.ടി.എ സസ്പെന്റ് ചെയ്തതായി പരാതി
ഭർത്താവ് പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ സുഹൃത്തായതിനാലാണ് തന്നെ സസ്പെന്റ് ചെയ്തതെന്നുമാണ് അധ്യാപികയുടെ ആരോപണം
കാസര്‍കോട് പെരിയ കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം അധ്യാപികക്ക് പി.ടി.എ വക അപ്രതീക്ഷിത സസ്പെന്ഷന്. രാഷ്ട്രീയ കാരണങ്ങളാണ് സസ്പെൻഷനു പിന്നിലെന്നാണ് അധ്യാപികയുടെ ആരോപണം. സംഭവത്തില്‍ അധ്യാപിക ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് പരാതി നല്കി. കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം അധ്യാപിക ശ്രുതി സുരേന്ദ്രനാണ് പി.ടി.എ അപ്രതീക്ഷിത സസ്പെന്ഷന് നല്‍കിയത്. ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ തലേ ദിവസമാണ് തന്നെ സസ്പെന്റ് ചെയ്തതായി പി.ടി.എ പ്രസിഡന്റെ ഫോണിലൂടെ അറിയിച്ചതെന്നും, പിന്നീട് കാരണങ്ങളൊന്നും രേഖപ്പെടുത്താതെ പി.ടി.എ പ്രസിഡന്റ് ഒപ്പ് മാത്രമുള്ള സസ്പെൻഷന് ലെറ്റര്‍ നല്‍കുകയായിരുന്നെന്നും അധ്യാപിക പറയുന്നു.
ഇങ്ങനൊരു നടപടിക്കു കാരണം രാഷ്ട്രീയ നീക്കമാണെന്നാണ് ശ്രുതിയുടെ ആരോപണം. തന്റെ ഭർത്താവ് പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ സുഹൃത്തായതിനാലാണ് തന്നെ സസ്പെന്റ് ചെയ്തതെന്നുമാണ് അധ്യാപികയുടെ ആരോപണം. കഴിഞ്ഞ ആറ് വർഷമായി ശ്രുതി ഇവിടെ പ്രീ പ്രൈമറി വിഭാഗം അധ്യാപികയാണ്. 2013 ലാണ് ജോലി തുടങ്ങിയത്. ഇതുവരെ തനിക്കെതിരെ ഒരു പരാതിയും ഉണ്ടായിട്ടിച്ചില്ലെന്നും അധ്യാപിക പറയുന്നു. പി.ടി.എ പ്രസിഡന്റിന് ഏകപക്ഷീയമായി അധ്യാപികയെ സസ്പെന്റ് ചെയ്യാനുള്ള അധികാരമില്ലെന്നും അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാൽ സംഭവത്തിന് കല്യോട്ടെ കൊലപാതകവുമായി ബന്ധമില്ലെന്ന നിലപാടിലാണ് പി.ടി.എ.