LiveTV

Live

Kerala

കൊച്ചിയില്‍ തൊഴില്‍ പീഡനം; വാര്‍ത്തയായതോടെ സ്ഥാപനം പൂട്ടി ഉടമ മുങ്ങി

സ്ഥാപനം തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാത്തതിന്‍റെ പേരില്‍ നേരത്തയും പലതവണ അടച്ചുപൂട്ടിയിട്ടുണ്ട്.

കൊച്ചിയില്‍ തൊഴില്‍ പീഡനം; വാര്‍ത്തയായതോടെ സ്ഥാപനം പൂട്ടി ഉടമ മുങ്ങി

കൊ‌ച്ചി കളമശേരിയില്‍ സ്വകാര്യ വസ്ത്ര നിര്‍മാണ സ്ഥാപനത്തിനെതിരെ പരാതിയുമായി തൊഴിലാളികള്‍. ശമ്പളം നല്‍കുന്നില്ലെന്നും ഇത് ചോദ്യം ചെയ്തതിന് സ്ഥാപന ഉടമ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് പരാതി. പരാതി നല്‍കിയതോടെ സ്ഥാപനം പൂട്ടി തൊഴിലുടമ സ്ഥലം വിട്ടതായും തൊഴിലാളികള്‍ ആരോപിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളടക്കം നാല്‍പ്പതിലേറെ തൊഴിലാളികള്‍ ജോലിചെയ്തിരുന്ന SCHIFFLIES എന്ന സ്ഥാപനം തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാത്തതിന്‍റെ പേരില്‍ നേരത്തയും പലതവണ അടച്ചുപൂട്ടിയിട്ടുണ്ട്.

അന്ന് തൊഴിലാളികള്‍ ശബ്ദം ഉയര്‍ത്താതിരുന്നത് കൊണ്ട് വീണ്ടും ഇതേ പ്രശ്നം ആവര്‍ത്തിച്ചു. മികച്ച ശമ്പളവും താമസ സൗകര്യവും ഭക്ഷണവുമെല്ലാം വാഗ്ദാനം ചെയ്ത് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നല്‍കിയില്ല. ശമ്പളം തരാത്തത് ചോദ്യം ചെയ്തതോടെ തൊഴിലുടമ കെ.എം. സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തിയതായി തൊഴിലാളികള്‍ പറയുന്നു. പൊലീസിലും തൊഴില്‍ വകുപ്പിലും തൊഴിലാളികള്‍ പരാതി നല്‍കിയിട്ടുണ്ട്. ശമ്പളം ആവശ്യപ്പെട്ട ജീവനക്കാരെ സ്ഥാപന ഉടമ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടിരുന്നതായി പരാതി നിലനില്‍ക്കെയാണ് ഇപ്പോള്‍ പരാതി ഉന്നയിച്ചവരെ സ്ഥാപനത്തിന് പുറത്ത് നിര്‍ത്തി തൊഴിലുടമയുടെ പീഡനം.