LiveTV

Live

Kerala

താനോ പാര്‍ട്ടിയോ ബിനോയിയെ സംരക്ഷിക്കില്ല, മകന്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ല: കോടിയേരി

നിരപരാധിത്വം തെളിയിക്കേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തമാണ്. കുടുംബാംഗങ്ങൾ ചെയ്യുന്ന കുറ്റങ്ങൾ തനിക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും കോടിയേരി

താനോ പാര്‍ട്ടിയോ ബിനോയിയെ സംരക്ഷിക്കില്ല, മകന്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ല: കോടിയേരി

യുവതിയുടെ പീഡന പരാതിയില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനോയിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ബിനോയിക്കാണെന്നും ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഒന്നും ചെയ്യാനില്ലെന്നും കോടിയേരി പറഞ്ഞു.

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി പുറത്ത് വന്നതിന് ശേഷം ആദ്യമായിട്ടാണ് കോടിയേരി ബാലകൃഷണന്‍ പ്രതികരിക്കുന്നത്. ബിനോയ്ക്ക് പാര്‍ട്ടിയോ താനോ യാതൊരു സംരക്ഷണവും ഒരുക്കിയിട്ടില്ലെന്നും ഇനി ഒരുക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. ബിനോയി എവിടെ ഉണ്ടെന്ന് തനിക്ക് അറിയില്ല. ബിനോയ് കുടുംബമായി വേറെ താമസിക്കുന്ന ആളാണെന്നും കോടിയേരി പറഞ്ഞു.

പരാതിക്കാരി തന്നോട് സംസാരിച്ചിട്ടില്ല. കോടിയേരിയുടെ ഭാര്യ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുംബൈ കോടതി പരിഗണിക്കുന്ന കേസിലെ മൊഴിയിലുള്ള കാര്യമായത് കൊണ്ട് അതേക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

ചികിത്സയിലായിരിക്കുമ്പോള്‍ മകന്‍ കാണാന്‍ എത്തിയിരുന്നു. മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. താന്‍ മുംബൈ പൊലീസില്‍ അല്ല. മകനെ കണ്ടെത്തല്‍ തന്‍റെ ഉത്തരവാദിത്തമല്ലെന്നും കോടിയേരി പറഞ്ഞു.

താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. ചിലരുടെ ഉദ്ദേശമാണത്. അത് കൈയ്യിൽ വച്ചാൽ മതി. പാര്‍ട്ടിക്കുള്ളില്‍ പറയുന്ന കാര്യങ്ങള്‍ പുറത്ത് പറയില്ലെന്നും കോടിയേരി പറഞ്ഞു.