LiveTV

Live

Kerala

ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റ് ഇറക്കേണ്ട ഉത്തരവാണ് ഡയറക്ട്രേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്

ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ. സ്റ്റേയുടെ പശ്ചാത്തലത്തിൽ ഡി.ജി.ഇ.ക്ക് പകരം ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റാണ് ഉത്തരവിറക്കേണ്ടത്. കഴിഞ്ഞ ദിവസം നടത്താനിരുന്ന ഏകീകരണത്തിന്‍റെ ജില്ലാതല യോഗം മീഡിയവൺ വാർത്തയെ തുടർന്ന് മാറ്റി വച്ചിരുന്നു. പുതിയ ഉത്തരവും കോടതി അലക്ഷ്യമാകും.

ഹൈസ്കൂൾ -ഹയർ സെക്കണ്ടറി ഏകീകരിച്ച സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി തുടർനടപടികൾ രണ്ട് മാസത്തേക്ക് വിലക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റ് ഇറക്കേണ്ട ഉത്തരവാണ് ഡയറക്ട്രേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഡി.ജി.ഇ വെള്ളിയാഴ്ചയിറക്കിയ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്‍റ് ഉത്തരവ് കോടതിയലക്ഷ്യമാകുമെന്നാണ് വിലയിരുത്തൽ. ഇത് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ അനുകൂല അധ്യാപക സംഘടനകൾ കോടതിയെ സമീപിക്കും. ഏകീകരണത്തിന്‍റെ ജില്ലാതല യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെങ്കിലും കോടതിയലക്ഷ്യമാകുമെന്ന് കണ്ട് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് മാറ്റി വക്കുകയായിരുന്നു. ഉത്തരവിന്‍റെ പകർപ്പ് മീഡിയ വൺ പുറത്ത് വിട്ടതിനെ തുടർന്നായിരുന്നു സർക്കാർ നടപടി.