LiveTV

Live

Kerala

കോതമംഗലത്ത് യുവാവിനെ  വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  

പുളിന്താനം സ്വദേശി പ്രസാദിനെയാണ് അയൽവാസിയുടെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോതമംഗലത്ത് യുവാവിനെ  വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  

കോതമംഗലം പോത്താനിക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിന്താനം സ്വദേശി പ്രസാദിനെയാണ് അയൽവാസിയുടെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് എയർഗണും തകർന്ന നിലയിൽ പൊലീസ് കണ്ടെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അയൽവാസി സജീവന്റെ വീടിന്റെ ടെറസിലാണ് പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവന്റെ വീട്ടിൽ ചെറിയ ജോലികൾക്കായി പ്രസാദ് എത്താറുണ്ട്. എന്നാൽ സജീവന്റെ ടെറസിന് മുകളിൽ പ്രസാദ് എത്തിയത് എന്തിനെന്നത് വ്യക്തമല്ല. മൃതദേഹം കിടന്ന സ്ഥലത്ത് അടിപിടി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. എയർഗൺ ഒടിഞ്ഞിട്ടുണ്ട്. വളരെ അടുത്ത് നിന്ന് എയർഗണ്ണിൽ വെടിയേറ്റതാണ് മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എയർഗൺ ഉപയോഗിച്ച് ആരെങ്കിലും തലക്ക് പിറകിൽ ഇടിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വീട്ടുടമ സജീവിന്റെയും ഭാര്യയുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്. വെടിയേറ്റതാണോ, തലക്ക് പിറകിലെ ക്ഷതമാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.