LiveTV

Live

Kerala

ആരോപണങ്ങള്‍ക്കിടെ സി.പി.എം നേതൃസമിതി യോഗങ്ങൾ ഇന്ന് തുടങ്ങും

ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തയ്യാറാക്കലാണ് സി.പി.എം നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് വന്ന വിവാദങ്ങൾ ഇന്നാരംഭിക്കുന്ന സി.പി.എം നേതൃയോഗങ്ങളുടെ പരിഗണനക്ക് വരും

ആരോപണങ്ങള്‍ക്കിടെ സി.പി.എം നേതൃസമിതി യോഗങ്ങൾ ഇന്ന് തുടങ്ങും

നേതാക്കളുടെ കുടുംബാംഗങ്ങൾ ആരോപണങ്ങൾ നേരിടുന്നതിനിടെ സി.പി.എം നേതൃസമിതി യോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന കേസ്, എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള ആരോപണ വിധേയയായ ആന്തൂർ കെട്ടിടാനുമതി വിവാദം എന്നിവ സെക്രട്ടേറിയറ്റിന്റെ പരിഗണനക്കു വരും. തെരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് അന്തിമമാക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോർട്ട് തയ്യാറാക്കലാണ് സി.പി.എം നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് വന്ന വിവാദങ്ങൾ ഇന്നാരംഭിക്കുന്ന സി.പി.എം നേതൃയോഗങ്ങളുടെ പരിഗണനക്ക് വരും. ദൈനം ദിന സംഭവങ്ങൾ പരിശോധിക്കുന്ന സി.പി.എം സെക്രട്ടറിയേറ്റിന് സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഗണിക്കാതിരിക്കാനാവില്ല. ബിനോയ് കോടിയേരി വിവാദം വ്യക്തിപരമെന്നാണ് സി.പി.എം നേതാക്കൾ ഇതിനകം പ്രതികരിച്ചതെങ്കിലും യുവതി കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതി അവർ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പശ്ചാത്തലത്തിൽ അത് പരിഗണിക്കാതിരിക്കാൻ കേരളത്തിലെ പാർട്ടി നേതൃത്വത്തിന് കഴിയില്ല.

നേരത്തെ ബിനോയ് കോടിയേരി യു.എ.ഇയിൽ സാമ്പത്തിക തട്ടിപ്പിൽ പെട്ടപ്പോൾ പാർട്ടിക്ക് ഇടപാടിൽ പങ്കില്ലെന്ന പ്രസ്താവന സി.പി.എം പുറത്തിറക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സി.പി.എം നിലപാട് എന്താകുമെന്നത് ശ്രദ്ധേയമാണ്. അതേസമയം ആന്തൂരിൽ പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാരെ ബലിയാടാക്കി നേതാവിന്റെ ഭാര്യയെ സംരക്ഷിച്ചെന്ന ആരോപണം സി.പി.എമ്മിൽ ശക്തമാണ്. ഇക്കാര്യത്തിലും സി.പി.എം സംസ്ഥാന ഘടകത്തിന്റെ നിലപാട് നിർണായകമാകും. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അടിക്കടി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പോകുമെന്ന അഭ്യൂഹം ശക്തമെങ്കിലും അദ്ദേഹത്തോട് അടുപ്പമുളളവർ അത് തള്ളുന്നുണ്ട്. തെരഞ്ഞെടുപ്പ് അവലോകനത്തേക്കാൾ കൂടുതൽ നേതൃയോഗങ്ങളിൽ ചർച്ച ചെയ്യപ്പെടുക വിവാദങ്ങളായിരിക്കും.