LiveTV

Live

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സി.പി.എം ഇന്ന് ആന്തൂരില്‍ പൊതുയോഗം സംഘടിപ്പിക്കും

ജില്ലാ സെക്രട്ടറി അടക്കമുളള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.ഇതിനിടെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുത്തേക്കും.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സി.പി.എം ഇന്ന് ആന്തൂരില്‍ പൊതുയോഗം സംഘടിപ്പിക്കും

പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എം ഇന്ന് ആന്തൂരില്‍ പൊതുയോഗം സംഘടിപ്പിക്കും.ജില്ലാ സെക്രട്ടറി അടക്കമുളള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.ഇതിനിടെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുത്തേക്കും.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അണികള്‍ക്കിടയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ പൊതുയോഗം .വൈകിട്ട് അഞ്ച് മണിക്ക് ധര്‍മ്മശാലയില്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍,സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി തളിപ്പറമ്പ് ഏരിയ കമ്മറ്റി യോഗത്തിലും ഇന്നലെ നടന്ന കോടല്ലൂര്‍,ആന്തൂര്‍,ബക്കളം ലോക്കല്‍ കമ്മറ്റികളിലും പി.കെ ശ്യാമളക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. ശ്യാമളയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ലെന്നും ഇത് സംഘടനാപാരമായി പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം പാര്‍‍ട്ടി അംഗങ്ങള്‍ അടക്കം ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശ്യാമളക്കെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്.ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ സി.പി.എം പൊതുയോഗം സംഘടിപ്പിക്കുന്നത്.ഇതിനിടെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രജിസ്ട്രര്‍ ചെയ്ത കേസില്‍ വളപട്ടണം പൊലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കുമെന്നാണ് സൂചന.ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം സംഭവത്തില്‍ സമഗ്രമായ അന്വേക്ഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.