LiveTV

Live

Kerala

സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി 

സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോടിയേരി മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്

 സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി 

മകനുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന് വന്ന പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറി നിൽക്കാൻ സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണണൻ. മുഖ്യമന്ത്രിയെയും പി ബി അംഗം എസ്.രാമചന്ദ്രൻ പിള്ളയേയും കോടിയേരി ഇക്കാര്യം അറിയിച്ചതായാണ് സൂചന. അതേസമയം ആന്തൂർ വിഷയവും ഇന്നാരംഭിച്ച നേതൃയോഗത്തിന്റെ പരിഗണനക്ക് വരും.

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിൽ പൊലീസ് നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചിരിക്കുന്നത്. രാവിലെ സെക്രട്ടറിയേറ്റ് യോഗത്തിന് മുൻപ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. ബിനോയിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി പ്രതിസന്ധിയിലാകുന്നത് കൊണ്ട് തത്കാലം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നാണ് കോടിയേരിയുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി ഇതിനോട് യോജിപ്പില്ലെന്നാണ് സൂചന.സെക്രട്ടറിയുമായി ബന്ധമില്ലാത്ത വിഷയം ആയത് കൊണ്ട് കോടിയേരി മാറി നിൽക്കേണ്ടതില്ലെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്.സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചർച്ചക്ക് വരും.

എന്നാൽ കോടിയേരിയുടെ രാജി സന്നദ്ധതയെ കുറിച്ച് അറിയില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. പാർട്ടി ജനറൽ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടില്ല. പ്രശനം പരിഹരിക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും ദേശിയ നേതാക്കൾ വ്യക്തമാക്കി.ആന്തൂർ നഗരസഭയുമായി ബന്ധപ്പെട്ട വിവാദവും യോഗത്തിന്റെ പരിഗണനക്ക് വരും.നഗരസഭ അധ്യക്ഷ ശ്യാമളക്കെതിരെ നടപടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിന്റെ പരിഗണനക്ക് വരും. ഉദ്യോഗസ്ഥർക്കെതിരെ മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തിനെതിരേയും നടപടി വേണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അന്തിമമാക്കാനാണ് ഇന്ന് മുതൽ മൂന്ന് ദിവസം യോഗം ചേരുന്നത്.