LiveTV

Live

Kerala

രാജി സന്നദ്ധനായി കോടിയേരി; വിയോജിച്ച് മുഖ്യമന്ത്രി

കോടിയേരി മാറി നിൽക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു.

രാജി സന്നദ്ധനായി കോടിയേരി; വിയോജിച്ച് മുഖ്യമന്ത്രി

മകനുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന് വന്ന പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ കോടിയേരി ബാലകൃഷ്ണണൻ സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രിയേയും പി.ബി അംഗം എസ് രാമചന്ദ്രൻ പിള്ളയെയും കോടിയേരി ഇക്കാര്യം അറിയിച്ചതായാണ് സൂചന. വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ രാജി വാർത്ത കോടിയേരി പൂർണ്ണമായും തള്ളിക്കളഞ്ഞില്ല.

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിൽ പൊലീസ് നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചത്. രാവിലെ സെക്രട്ടറിയേറ്റ് യോഗത്തിന് മുൻപ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. ബിനോയിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി പ്രതിസന്ധിയിലാകുന്നത് കൊണ്ട് തത്കാലം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാമെന്നാണ് കോടിയേരിയുടെ നിലപാട്.

എന്നാൽ മുഖ്യമന്ത്രിക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചന. കോടിയേരി മാറി നിൽക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു. രാജിസന്നദ്ധത സംബന്ധിച്ച വാര്‍ത്ത കോടിയേരി തള്ളിക്കളഞ്ഞില്ല. സെക്രട്ടറിയുമായി ബന്ധമില്ലാത്ത വിഷയമായത് കൊണ്ട് കോടിയേരി മാറിനിൽക്കേണ്ടതില്ലെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്.