LiveTV

Live

Kerala

കേരള കോണ്‍ഗ്രസ് എമ്മിന് പിന്നാലെ യൂത്ത് ഫ്രണ്ടും പിളര്‍ന്നു

ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിന്റെ പുതിയ തെരഞ്ഞെടുപ്പെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിന് പിന്നാലെ യൂത്ത് ഫ്രണ്ടും പിളര്‍ന്നു

കേരള കോണ്‍ഗ്രസ് എമ്മിന് പിന്നാലെ യുവജന സംഘടന യൂത്ത് ഫ്രണ്ടും പിളര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു വിഭാഗം ജന്മദിന സമ്മേളനം ചേര്‍ന്നപ്പോള്‍ ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്നവര്‍ സാജന്‍ തൊടുകെയെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു. ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിന്റെ പുതിയ തെരഞ്ഞെടുപ്പെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു.

യൂത്ത് ഫ്രണ്ടിന്റെ 49ആം ജന്മദിന സമ്മേളനമാണ് പിളര്‍പ്പിന് വേദിയായത്. പി.ജെ ജോസഫിനൊപ്പം നില്‍കുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തിലുള്ള വിഭാഗം തിരുവനന്തപുരം എല്‍.എം.എസ് കോമ്പൗണ്ടിലാണ് യോഗം ചേര്‍ന്നത്. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച സമ്മേളനം പി.ജെ ജോസഫ് ഉദ്ഘാനം ചെയ്തു.

Also read: ഒരു കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ഇതാണ് 

സി.എഫ് തോമസ്, മോന്‍സ് ജോസഫ്, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം യോഗത്തിനെത്തി. 72 ല്‍ 54 സംസ്ഥാന സമിതിയംഗങ്ങളും പങ്കെടുത്തെന്നാണ് ഈ വിഭാഗത്തിന്റെ അവകാശവാദം. ഇതേ സമയം കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന ഓഫീസില്‍ ചേര്‍ന്ന ഒരു വിഭാഗം യൂത്ത് ഫ്രണ്ട് നേതാക്കള്‍ സജി മഞ്ഞക്കടമ്പനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും സാജന്‍ തൊടുകയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.

സംസ്ഥാന ഭാരവാഹികളില്‍ ആറ് പേരൊഴികെ എല്ലാവരും പങ്കെടുത്തെന്നാണ് സാജന്‍ തൊടുകെ അവകാശപ്പെടുന്നത്. കേരള കോണ്‍ഗ്രസ് എമ്മിലെ ഇരു വിഭാഗവും ശക്തി സംഭരിക്കുന്നതിന്റെ ഭാഗമാണ് യുവജനസംഘടനയുടെ പിളര്‍പ്പും ഉണ്ടായിരിക്കുന്നത്.