LiveTV

Live

Kerala

വ്യവസായത്തിന് അനുമതി നിഷേധിച്ചു, കടക്കാരിയായി; ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരെ യുവസംരംഭക

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ  ഭാര്യയെ കാണാന്‍ സമാന അനുഭവങ്ങളിലൂടെ കടന്നുപോയ യുവസംരംഭകയെത്തി

വ്യവസായത്തിന് അനുമതി നിഷേധിച്ചു, കടക്കാരിയായി; ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരെ യുവസംരംഭക

ആന്തൂര്‍ നഗരസഭാ അധ്യക്ഷയുടെ പിടിവാശിക്ക് മുന്നില്‍ ജീവിതം ഹോമിക്കേണ്ടി വന്ന പ്രവാസി വ്യവസായി സാജന്റെ ഭാര്യയെ കാണാന്‍ സമാന അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റൊരു യുവസംരംഭക ഇന്നലെ സാജന്റെ വീട്ടിലെത്തി. കണ്ണപുരം സ്വദേശിനി സോഹിത ബിജു എന്ന യുവ സംരംഭകയാണ് സാജന്റെ ഭാര്യ ബീനയെ കാണാന്‍ ഇന്നലെ കണ്ണൂരിലെ വീട്ടിലെത്തിയത്. നഗരസഭാ അധ്യക്ഷയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഇവര്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.

‘മരിക്കുന്നതിന് മുന്‍പ് സാജന്‍ ആരുടെയെല്ലാം കാല്‍കീഴില്‍ അഭിമാനം പണയം വെച്ചിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. കാരണം ആ വഴികളിലൂടെയെല്ലാം ഞങ്ങളും സഞ്ചരിച്ചിട്ടുണ്ട്’- പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭാ അധ്യക്ഷയുടെ ഭാഗത്തു നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് സോഹിത ബിജു ഫേസ് ബുക്കിലിട്ട പോസ്റ്റിന്റെ ആമുഖം ഇങ്ങനെയായിരുന്നു. ആന്തൂരില്‍ ആരംഭിച്ച ശുചീകരണ നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സോഹിത തന്റെ വ്യവസായ സംരംഭം അടച്ച് പൂട്ടിയത്. ഇതോടെ ഇവര്‍ 40 ലക്ഷത്തോളം രൂപയുടെ കടക്കാരിയായി മാറി. സി.പി.എം ജില്ലാ നേതൃത്വമടക്കം നിര്‍ദേശിച്ചിട്ടും സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ പി.കെ ശ്യാമള തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യാ വാര്‍ത്ത അറിഞ്ഞപ്പോള്‍ സ്വന്തം അനുഭവമാണ് സോഹിത ഓര്‍മിച്ചത്. ആ ഓര്‍മകളാണ് സാജന്റെ ഭാര്യ ബീനയെ നേരില്‍ കണ്ട് ആശ്വസിപ്പിക്കണമെന്ന തീരുമാനത്തില്‍ എത്തിച്ചതെന്നും സോഹിത പറയുന്നു. സാജന്റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരെ സമാന പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.