LiveTV

Live

Kerala

‘സര്‍ക്കാര്‍ വേട്ടയാടുന്നു’; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി ഐ.എ.എസ്

മൂന്നാര്‍ സംഭവത്തിന് ശേഷമാണ് സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയതെന്നും പിരിച്ചുവിടാനുള്ള നീക്കം വേദനാജനകമാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു

‘സര്‍ക്കാര്‍ വേട്ടയാടുന്നു’; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി ഐ.എ.എസ്

അഴിമതിക്കെതിരെ നിലപാട് എടുത്തതിന് തന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി. അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത്. സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തുവെന്ന വിവരം ചില സുഹൃത്തുക്കളാണ് അറിയിച്ചത്. ഇക്കാര്യത്തില്‍ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും രാജു നാരായണ സ്വാമി പറഞ്ഞു. വികാരഭരിതനായാണ് രാജു നാരായണ സ്വാമി മാധ്യമങ്ങളോട് സംസാരിച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജു നാരായണസ്വാമിയെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പുറത്താക്കാൻ നീക്കം നടക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം അനുസരിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയതെന്നാണ് വിവരം. അഴിമതിക്കെതിരായ ലോബിയാണ് ഇതിന് പിന്നിലെന്ന് രാജു നാരായണ സാമി ആരോപിച്ചു. ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമർശനമാണ് നാരായണ സാമി നടത്തിയത്.

അടുത്തിടെ കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല എന്നതാണ് പ്രധാന ആരോപണം. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാർച്ചിൽ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് സർവ്വീസിൽ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും പറഞ്ഞു. ഇപ്പോൾ താൻ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നാരായണ സാമി പറഞ്ഞു. ഔദ്യോഗികമായി കത്ത് ലഭിച്ചാൽ തീരുമാനമെടുത്ത എല്ലാ വ്യക്തികൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും നാരായണസ്വാമി പറഞ്ഞു.