LiveTV

Live

Kerala

പി.വി അൻവർ എം.എൽ.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു തുടങ്ങി

പി.വി അൻവർ എം.എൽ.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു തുടങ്ങി

കക്കാടംപൊയില്‍ ചീങ്കണ്ണിപാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ അനധികൃത തടയണ പൊളിച്ച് നീക്കാന്‍ തുടങ്ങി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഏറനാട് തസഹില്‍ദാറുടെ നേതൃത്വത്തിലാണ് തടയണ പൊളിക്കുന്നത്.

അന്‍വറിന്റെ പാര്‍ക്കിലേക്ക് വെള്ളം എടുക്കാനായി നിര്‍മിച്ച ചീങ്കണ്ണിപാലിയിലെ തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറനാട് തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം തടയണ പൂര്‍‌ണമായും പൊളിച്ചു നീക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടത്. സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭൂവുടമ തയ്യാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയണ പൊളിച്ചു നീക്കുന്നത്.

തടയണ പൊളിച്ചു നീക്കാന്‍ നേരത്തെയും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പൂര്‍ണമായും നടപ്പാക്കാത്തതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. പൊളിച്ച് നീക്കുന്നതിന്റെ ചിലവ് പൂര്‍ണമായും ഉടമയില്‍ നിന്ന് പിന്നീട് ഈടാക്കും.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടിയാണ് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുന്നത്.