LiveTV

Live

Kerala

സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ല; ദുരിതംപേറി കേലാട്ടുക്കുന്ന് കോളനിവാസികള്‍  

 സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ല; ദുരിതംപേറി കേലാട്ടുക്കുന്ന് കോളനിവാസികള്‍   

സ്വന്തമായി ഭൂമിയും കിടപ്പാടവും എന്ന ആവശ്യവുമായി കഴിഞ്ഞ 28 വര്‍ഷമായി വിവിധ വാതിലുകള്‍ മുട്ടുകയാണ് കോഴിക്കോട്ടെ കേലാട്ടുകുന്ന് കോളനി വാസികള്‍. പൊതുസ്ഥലത്ത് ഷീറ്റിട്ട് മറച്ച വീട്ടിലാണ് ഇവരുടെ താമസം. കേലാട്ട് കുന്ന് കോളനിവാസികളുടെ ദുരിതമറിഞ്ഞ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കേലാട്ടുകുന്നില്‍ പൊതുമരാമത്തിന്‍റെ കൈവശമുള്ള ഭൂമിയിലാണ് 19 കുടുംബങ്ങള്‍ 28 വര്‍ഷമായി താമിസിക്കുന്നത്. കോളനിയിലേക്ക് നല്ല ഒരു വഴി പോലുമില്ല. പകരം സ്ഥലം കണ്ടെത്തി വീട് വെച്ച് മാറ്റിപാര്‍പ്പിക്കാമെന്ന് പലരും ഇവര്‍ക്ക് വാഗ്ദാനം നല്‍കി. പക്ഷേ ഒന്നും നടപ്പായില്ല. ഇപ്പോള്‍ നില്‍ക്കുന്ന ഭൂമിയ്ക്ക് പട്ടയം നല്‍കി തങ്ങളുടെ ദുരിതത്തിന് അറുതിവരുത്തണമെന്നാണ് കോളനിക്കാര്‍ പറയുന്നത്. ഷീറ്റ് വലിച്ച് കെട്ടിയ വീടുകളിലാണ് താമസം. മഴക്കാലമായതോടെ ദുരിതം ഇരട്ടിയായി. വെള്ളവും വൈദ്യുതിയും ഇല്ലാതിരുന്ന കോളനിയില്‍ പരാതിക്കൊടുവില്‍ ഇത് രണ്ടുമെത്തി. വീട് നമ്പര്‍ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡും ഈ 19 കുടുംബങ്ങള്‍ക്കുമില്ല. എം.കെ മുനീര്‍ എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി ജി.സുധാകരന്‍ റിപ്പോര്‍ട്ട് തേടിയത്. പൊതുമരാമത്ത് ഭൂമിയിലാണ് ഇവര്‍ താമസിക്കുന്നത് എന്നതിനാലാണ് മന്ത്രിയുടെ ഇടപ്പെടല്‍.