LiveTV

Live

Kerala

വ്യോമസേനാ വിമാനാപകടം; മലയാളി സൈനികരുടെ മൃതദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

വ്യോമസേനാ വിമാനാപകടം; മലയാളി സൈനികരുടെ മൃതദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

അരുണാചൽ പ്രദേശിൽ വ്യോമസേനാ വിമാനം തകർന്ന് കൊല്ലപ്പെട്ട മലയാളികളായ സൈനികരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഫളൈറ്റ് എഞ്ചിനീയർ അനൂപ്കുമാറിന്റെ മൃതദേഹം കൊല്ലം അഞ്ചലിലെ വീട്ടുവളപ്പിലും ഷെറിന്റേത് കണ്ണൂർ അഞ്ചരക്കണ്ടിയിലുമാണ് സംസ്കരിച്ചത്. തൃശൂര്‍ സ്വദേശി വിനോദ് കുമാറിന്‍റെ മൃതദേഹം താമസസ്ഥലമായ കോയമ്പത്തൂരിലെ സിങ്കാനെല്ലൂരില്‍ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റെയും വ്യോമസേനയുടെയും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

തിരുവനന്തപുരം വ്യോമസേന ടെക്നിക്കൽ ഏരിയയിൽ പ്രത്യേക വിമാനത്തിൽ എത്തിച്ച ഫളൈറ്റ് എഞ്ചിനീയർ അനൂപ് കുമാറിന്റെ മൃതദേഹം 8 മണിയോടെയാണ് അഞ്ചലിൽ എത്തിച്ചത്. അനൂപ് പഠിച്ച ഏരൂർ ഗവ. ഹൈസ്കൂളിലെ പൊതുദർശനത്തിന് ശേഷം ആലഞ്ചേരിയിലെ വസതിയിൽ എത്തിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ രാജുവാണ് അന്തിമോപചാരം അർപ്പിച്ചത്. 12.30 തോടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. സംസ്ഥാനത്തിന്റെയും വ്യോമസേനയുടെയും പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം. കണ്ണൂർ വിമാനത്താവാളത്തിൽ എത്തിച്ച ഷെറിന്റെ മൃതദേഹം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഏറ്റുവാങ്ങി. മുരിങ്ങെരി എൽ.പി സ്‌കൂളിലെയും, അഞ്ചരക്കണ്ടിയിലെ വീട്ടിലെയും പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാരം. തൃശൂര്‍ സ്വദേശി വിനോദ് കുമാറിന്‍റെ മൃതദേഹം നിലവിലെ താമസസ്ഥലമായ കോയമ്പത്തൂരിലെ സിങ്കാനെല്ലൂരില്‍ സംസ്കരിച്ചു.

കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്നു അസമിൽ നിന്നും അരുണാചൽ പ്രദേശിലെ മച്ചുകയിലേക്കുള്ള യാത്രക്കിടെ വ്യോമസേനയുടെ എ എൻ 32 വിമാനം തകർന്ന് 13 പേരെ കാണാതായത്. 8 ദിവസത്തെ തെരച്ചിലിനോടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

അതെ സമയം എഎന്‍ 32 വിമാനാപകടത്തില്‍ മരിച്ച വ്യോമസേന സൈനികര്‍ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആദരവര്‍പ്പിച്ചു. ഡല്‍ഹിയിലെ പാലം വ്യോമസേന വിമാനത്താവളത്തിലാണ് പ്രതിരോധമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഈ മാസം ജൂണ്‍ 3നാണ് വ്യോമസേന വിമാനം അപകടത്തില്‍പെട്ടത്. അപകടം സംബന്ധിച്ചുള്ള വ്യോമസേന അന്വേഷണം തുടരുകയാണ്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സിന്‍റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.