LiveTV

Live

Kerala

ആര്‍.എസ്.എസ് പോഷക സംഘടനയുടെ കീഴിലെ ബാലഭവനില്‍ നിന്ന് കുട്ടികളെ കാണാതാകുന്നത് പതിവാകുന്നു

കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന പ്രഗതി ബാലഭവനില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 7 കുട്ടികളെ കാണാതായിരുന്നു.

ആര്‍.എസ്.എസ് പോഷക സംഘടനയുടെ കീഴിലെ ബാലഭവനില്‍ നിന്ന് കുട്ടികളെ കാണാതാകുന്നത് പതിവാകുന്നു

ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ സേവാകിരണിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലഭവനില്‍ നിന്ന് കുട്ടികളെ കാണാതാകുന്നത് പതിവാകുന്നു. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന പ്രഗതി ബാലഭവനില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 7 കുട്ടികളെ കാണാതായിരുന്നു. കുട്ടികളെ കണ്ടെത്തിയെങ്കിലും സംഭവം പതിവായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപന നടത്തിപ്പുകാരുടെ ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു.

കോതമംഗലത്തിന് സമീപം തൃക്കാരിയൂരിലാണ് സേവാകിരണിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കാണാതായ മൂന്ന് കുട്ടികളെ കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ കുത്തുകുഴിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരെ തിരികെ സ്ഥാപനത്തിലെത്തിച്ച് മണിക്കൂറുകള്‍ക്കകം നാല് കുട്ടികളെ കൂടി കാണാതായി. ഇവരെ പിന്നീട് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തി. വെള്ളവും ഭക്ഷണവും കഴിക്കാത്തതിനാല്‍ തളര്‍ച്ച അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം സ്ഥാപനത്തിലേക്ക് മടക്കിയയച്ചു.

ഇതിന് മുന്‍പും സമാനമായ സാഹചര്യത്തില്‍ കുട്ടികളെ കാണാതായിരുന്നു. ഇരുപതോളം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ദുരൂഹതകള്‍ നിറഞ്ഞ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ജി ചന്ദ്രബോസ് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.