LiveTV

Live

Kerala

‘സ്വാതന്ത്ര്യം ഇന്നും ഏറെ അകലെ’; വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന എല്‍.ഡി.എഫ് പ്രഖ്യാപനം ഇപ്പോഴും കടലാസില്‍

‘സ്വാതന്ത്ര്യം ഇന്നും ഏറെ അകലെ’; വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന എല്‍.ഡി.എഫ് പ്രഖ്യാപനം ഇപ്പോഴും കടലാസില്‍

വിജിലന്‍സിനെ സ്വതന്ത്ര ഏജന്‍സിയാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ആവര്‍ത്തിക്കുമ്പോഴും ഒന്നും ചെയ്യാനാകാതെ കുഴങ്ങുകയാണ് സംസ്ഥാന വിജിലന്‍സ്. സ്വതന്ത്രമാക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല വിജിലന്‍സിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയാണ് സര്‍ക്കാര്‍ ചെയ്തത്. ഭരണ തലത്തില്‍ അഴിമതികള്‍ ഉണ്ടെങ്കില്‍ അതിലേക്ക് എത്തിനോക്കാന്‍ പോലും വിജിലന്‍സിന് വിവിധ ഉത്തരവുകളാല്‍ സാധിക്കില്ല. പ്രോസിക്യൂഷന്‍ അനുമതി വേണമെന്ന അമന്‍റ്മെന്‍റ് കൂടി വന്നതോടെ വിജിലന്‍സ് നിര്‍ജ്ജീവമായി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റവും അധികം ജനശ്രദ്ധ നേടിയ വകുപ്പായിരുന്നു വിജിലന്‍സ്. യുഡിഎഫ് സര്‍ക്കാരിനോട് കൊമ്പ് കോര്‍ത്ത ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തേക്ക് വന്നതോടെ പല ഉന്നതര്‍ക്കും പിടിവീണു. ബാര്‍ കോഴ വിവിധ ഭൂമിവിവാദങ്ങള്‍, പൊതുമേഖലാ സഥാപനങ്ങളിലെ അഴിമതി കള്‍ എന്നിവയിലെല്ലാം എഫ്ഐആര്‍ ഇടുകയോ പ്രിലിമിനറി എന്‍ക്വായറി പ്രഖ്യാപിക്കുകയോ ചെയ്തു. ഇതിനിടെയാണ് മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം എത്തിയത്. ലഭിച്ച പരാതിയില്‍ വിജിലന്‍സ് പിടിമുറുക്കി. ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനായി. തൊട്ട് പിന്നാലെ വന്ന കശുവണ്ടി അഴിമതിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേയും പ്രിലിമിനറി എന്‍ക്വയറി ആരംഭിച്ചതോടെ ജേക്കബ് തോമസ് അവധിയില്‍ പോകേണ്ടി വന്നു. പിന്നാലെ വന്ന ലോക്നാഥ് ബഹ്റ വിജിലന്‍സ് കേസുകളില്‍ ഹൈക്കോടിയില്‍ വിജിലന്‍സിന് തുടര്‍ച്ചയായി തിരിച്ചടി നേരിടുന്നെന്ന് കാണിച്ച് ഉത്തരവ് കൊണ്ട് വന്നു. മന്ത്രിമാര്‍ ഐ.പി.എസ് ഐ.എസ് ഉദ്യോഗസ്ഥര്‍ ഉന്നതതലത്തിലുള്ള കേസുകള്‍ എന്നിവയില്‍ കേസ് രജിസ്ററര്‍ ചെയ്യാന്‍ ഡയറക്ടറുടേയും ഗവണ്‍മെന്‍റിന്‍റേയും അനുമതി വേണമെന്നായിരുന്നു ഉത്തരവ്. ഇവിടെ നിന്നാണ് വിജിലന്‍സിന് പിടിവീഴുന്നത്. 2018 ജൂലൈയില്‍ വിജിലന്‍സ് കേസിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി കൊണ്ടുളള സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അമന്‍റ് മെന്‍റ് 17 (എ) കൂടി വന്നതോടെ ഈ ഉത്തരവിന് പിന്‍ബലവുമായി. ലോക്നാഥ് ബഹ്റയ്ക്ക് പിന്നാലെ വന്ന എന്‍സി അസ്താനയ്ക്കോ, പിന്നീടിങ്ങോട്ടുളളവര്‍ക്കോ ഉന്നതതലത്തിലെ അഴിമതി ആരോപണങ്ങളില്‍ ഒന്നും ചെയ്യാനായിട്ടില്ല. ജേക്കബ് തോമസിനെതിരെ തന്നെ എഫ്ഐആര്‍ ഇട്ടതൊഴിച്ചാല്‍ പല കേസുകളിലും ചാര്‍ജ് ഷീറ്റ് പോലും കൊടുക്കാനാകാതെ കുഴങ്ങുകയാണ് വിജിലന്‍സ്.