LiveTV

Live

Kerala

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം; പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന് വെല്ലുവിളിയാകും

കെ.എം മാണി മത്സരിച്ച സീറ്റ് അര്‍ഹതപ്പെട്ടതാണെന്ന് ജോസ് കെ. മാണി വിഭാഗം പറയുമ്പോള്‍ ചില നിര്‍ണ്ണായക നീക്കങ്ങളിലൂടെ സീറ്റ് പിടിക്കാന്‍ ജോസഫ് വിഭാഗവും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

 കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം;  പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന് വെല്ലുവിളിയാകും

കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി നില്‍ക്കെ പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന് വെല്ലുവിളിയാകും. കെ.എം മാണി മത്സരിച്ച സീറ്റ് അര്‍ഹതപ്പെട്ടതാണെന്ന് ജോസ് കെ. മാണി വിഭാഗം പറയുമ്പോള്‍ ചില നിര്‍ണ്ണായക നീക്കങ്ങളിലൂടെ സീറ്റ് പിടിക്കാന്‍ ജോസഫ് വിഭാഗവും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്.‌ കെ.എം മാണി മത്സരിച്ച സീറ്റില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്നാണ് ജോസ് വിഭാഗം പറയുന്നത്. പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ജോസ് കെ. മാണി അടക്കമുള്ളവര്‍ ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ലോക്സഭ സീറ്റിലും ചെയര്‍മാന്‍ സ്ഥാനത്തിലും ഉണ്ടായ തിരിച്ചടികള്‍ പാലാ സീറ്റിലൂടെ മാറ്റാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ചെയര്‍മാന്റെ കാര്യത്തില്‍ വിട്ട് വീഴ്ച ചെയ്തില്ലെങ്കില്‍പാലാ സീറ്റില്‍ നിലപാട് കടുപ്പിക്കും. എന്നാല്‍ യാതൊരു കാരണവശാലും സീറ്റ് വിട്ട് നല്കില്ലെന്നാണ് ജോസ് കെ. മാണി വിഭാഗം പറയുന്നത്.

ജോയ് എബ്രഹാം അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമാകും ജോസഫ് വിഭാഗം മുന്നോട്ട് വെക്കുക. അങ്ങനെ വന്നാല്‍ യു.ഡി.എഫിന് അത് വലിയ വെല്ലുവിളിയാകും. പാലായില്‍ യാതൊരു സ്വാധീനവുമില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റ് നല്കരുതെന്ന് ജോസ് കെ. മാണി വിഭാഗവും വാദിച്ചേക്കാം. കൂടാതെ കെ.എം മാണിയുടെ പിന്തുടര്‍ച്ച അവകാശവും ഇവര്‍ ഉയര്‍ത്തിക്കാട്ടും. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആഭ്യന്തര പ്രശ്നമാണെങ്കിലും വരും ദിവസങ്ങളില്‍ യു.ഡി.എഫിന് കൂടതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.