LiveTV

Live

Kerala

പ്രസവാവധി കഴിഞ്ഞെത്തിയ കരാർ അധ്യാപികയെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി

പ്രസവാവധി കഴിഞ്ഞെത്തിയ കരാർ അധ്യാപികയെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചില്ലെന്ന്  പരാതി

മലപ്പുറം കോട്ടക്കല്‍ ഗവണ്‍മെന്റ് യുപി സ്കൂളില്‍ പ്രസവാവധി കഴിഞ്ഞെത്തിയ കരാർ അധ്യാപികയെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പങ്കാളിയുമൊത്ത് താമസിച്ചതിന്റെ പേരിലാണ് പിരിച്ചുവിടല്‍ എന്നാണ് അധ്യാപികയുടെ ആരോപണം. അധ്യാപികക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ എന്നാണ് സ്കൂള്‍ പിടിഎയുടെ വിശദീകരണം.

കോട്ടക്കൽ ഗവൺമെൻറ് യുപി സ്കൂളിലെ താൽക്കാലിക നഴ്സറി അധ്യാപിക പ്രസവാവധിയിൽ പോയ ശേഷം, തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ പി.ടി.എ കമ്മിറ്റി തയ്യാറായിരുന്നില്ല. വിഷയത്തിൽ തനിക്കെതിരെ അപവാദ പ്രചരണം ഉണ്ടായി എന്നാണ് അധ്യാപികയുടെ പരാതി. ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിരുന്നെങ്കിലും അതു സംബന്ധിച്ച രേഖകൾ ലഭിക്കുന്നതിനുണ്ടായ കാലതാമസം കാരണം, രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ സമയമെടുത്തെന്നും ഇക്കാരണത്താൽ സ്കൂൾ പിടിഎ മോശമായി ചിത്രീകരിച്ചു എന്നും അധ്യാപിക പറയുന്നു. സ്കൂളിൽ ചേർന്ന പി.ടി.എ യോഗത്തിൽ തനിക്കെതിരെ മോശമായി സംസാരിച്ചെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അധ്യാപിക.

കരാർ അധ്യാപികമാരെ നിയമിക്കാനും പിരിച്ച് വിടാനും പിടിഎ കമ്മിറ്റിക്ക് അധികാരമുണ്ടെന്നും അധ്യാപികയെ പറ്റി മാതൃ സമിതിയിൽ നിന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് മാറ്റിനിർത്തിയത് എന്നുമാണ് പിടിഎയുടെ നിലപാട്. സംസ്ഥാന ബാലാവകാശ കമ്മീഷന് നൽകിയ പരാതി പ്രകാരം, മാനുഷിക പരിഗണന കണക്കിലെടുത്ത് ഇനി വരുന്ന ഒഴിവിലേക്ക് ഈ അധ്യാപികയെ നിയമിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്.