LiveTV

Live

Kerala

കല്ലട ബസില്‍ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

ബസിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണെ മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പൊലീസ് പിടിച്ചെടുത്തു

കല്ലട ബസില്‍ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഡ്രൈവര്‍ ജോണ്‍സണെ കോടതിയില്‍ ഹാജരാക്കി. മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസില്‍ വെച്ച് ജീവനക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

പുലര്‍ച്ചെ ഒന്നരയോടെയാണ് തമിഴ്‌നാട് സ്വദേശിനിക്ക് നേരെ കല്ലട ബസില്‍ വെച്ച് പീഡന ശ്രമമുണ്ടായത്. കണ്ണൂര്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി കോഴിക്കോട് കാക്കഞ്ചേരിയില്‍ വെച്ച് ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇടപെട്ട് വാഹനം നിര്‍ത്തിച്ചു. ബസ് ഡ്രൈവര്‍ ജോണ്‍സണ്‍ പുതുപ്പള്ളി തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് യുവതി ആവര്‍ത്തിച്ചതോടെ യാത്രക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയില്‍ ജോണ്‍സനെ കസ്റ്റഡിയിലെടുത്ത പൊലീസ് 11 മണിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഐ.പി.സി 354 പ്രകാരമാണ് ജോണ്‍സണെനെതിരെ കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനും ചേസിസ് നമ്പറും ഒത്തുനോക്കി വിശദാംശങ്ങള്‍ ശേഖരിച്ചു. അതേസമയം, സ്ത്രീ പറയുന്നത് കളവാണെന്ന് പ്രതി ജോണ്‍സണ്‍ പ്രതികരിച്ചു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി

കല്ലട ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച് സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് തുടരുമെന്നും മന്ത്രി അറിയിച്ചു.

കല്ലട ബസിൽ നടക്കുന്നത് ക്രൂരമായ പ്രവർത്തികൾ ആണ്.ചട്ടലംഘനം നടത്തിയ പല ബസുകൾക്കെതിരെയും മോട്ടർ വാഹനവകുപ്പ് നേരത്തെ തന്നെ നടപടിയെടുത്തിട്ടുണ്ട്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലട ബസ് ഡ്രൈവർ ജോൺസൺ ജോസഫിന്റെ ലൈസൻസ് മോട്ടർവാഹനവകുപ്പ് ചട്ടം 21പ്രകാരം റദ്ദാക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. കല്ലടയുടേതുൾപ്പടെയുളള ബസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് അന്യസംസ്ഥാനങ്ങളിലാണെന്നും ഇവയുടെ പെർമിറ്റ് റദ്ദാക്കുന്നതിൽ സംസ്ഥാന സർക്കാറിന് പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ എറണാകുളം വൈറ്റിലയിൽ യാത്രക്കാരനെ മർദ്ദിച്ച് വഴിയിൽ ഇറക്കിവിട്ട സംഭവത്തിലും തുടർ നടപടി സ്വീകരിക്കുന്നതിൽ മോട്ടോർ വാഹനവകുപ്പ് അലംഭാവം കാണിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ഇരിങ്ങാലക്കുട ആർ.ടി.ഒയ്ക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇത് ഇതുവരെ നടപ്പായില്ലെന്നാണ് വിമർശനം.

വനിതാ കമ്മീഷന്‍ കേസെടുത്തു

കല്ലട ബസില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടാനും നിര്‍ദേശം.